ബംഗ്ലാദേശിനെ പിടിച്ചുകുലുക്കി വിദ്യാർഥി പ്രക്ഷോഭം; സംവരണ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ധാക്ക: ബംഗ്ലദേശിനെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന് കാരണമായ വിവാദ സംവരണ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ജോലികളിൽ നിയമനം 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടു.

1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോരാളികളുടെ പിന്മുറക്കാർക്ക് 30 ശതമാനം ഉൾപ്പെടെ മൊത്തം 56 ശതമാനം സംവരണമാണ് രാജ്യത്ത് വിവിധ വിഭാഗങ്ങൾക്കായി നിലവിലുള്ളത്. 2018ൽ ശൈഖ് ഹസീന സർക്കാർ സംവരണ ക്വോട്ട സംവിധാനം എടുത്തുകളഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മാസം കീഴ് കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. സംവരണം റദ്ദാക്കിയെങ്കിലും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു.

ജയിലിലടച്ച വിദ്യാർഥികളെ വിട്ടയക്കുക, പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവിട്ട ഉദ്യോഗസ്ഥർ രാജിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ഇന്റർനെറ്റ് വിലക്കിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടും കർഫ്യു പ്രഖ്യാപിച്ചുമാണ് പ്രക്ഷ‍ോഭത്തെ സർക്കാർ നേരിടുന്നത്. ശനിയാഴ്ചയോടെ സൈന്യത്തെ വിന്യസിച്ച് ജനം പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് ഉത്തരവിറക്കി. എന്നാൽ, ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചും സർക്കാർ ടെലിവിഷൻ ആസ്ഥാനം തീയിട്ടും പ്രക്ഷോഭം കനപ്പിച്ച വിദ്യാർഥികൾ പിൻമാറില്ലെന്ന നിലപാടിലായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെടൽ.

സ്വാതന്ത്ര്യസമര പോരാളികളുടെ കുടുംബത്തിന് അഞ്ചു ശതമാനവും പിന്നാക്ക വിഭാഗങ്ങൾക്ക് രണ്ടു ശതമാനവുമായി സംവരണ ക്വോട്ട പരിമിതപ്പെടുത്താനുമാണ് കോടതി നിർദേശിച്ചത്. സ്വാതന്ത്ര്യസമര പോരാളികളുടെ കുടുംബത്തിനെന്ന പേരിൽ ഭരണകക്ഷിയായ അവാമി ലീഗ് അംഗങ്ങളെ തിരുകിക്കയറ്റാനുള്ള പദ്ധതിയാണിതെന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നു. 151 പേരാണ് ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Bangladesh’s Supreme Court scales back controversial government job quota system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.