വാഷിങ്ടണ്‍: എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യന്‍ ഐ.ടി മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവര്‍ക്കും വന്‍ തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്‍െറ പുതിയ തീരുമാനം. ഇതോടൊപ്പം എച്ച്1ബി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതും വിസ നടപടികളുടെ സമൂല പരിഷ്കരണം നിര്‍ദേശിക്കുന്നതുമായ ബില്ലും അമേരിക്കയുടെ ഇരു പ്രതിനിധിസഭകളിലും സെനറ്റിലും അവതരിപ്പിച്ചു. ബില്ല് നിയമമായാല്‍ അതും അമേരിക്കന്‍ തൊഴിലന്വേഷകര്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.
എച്ച്1ബി വിസ നടപടി ഏപ്രില്‍ മൂന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെ നിര്‍ത്തിവെച്ചതായാണ് യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് (യു.എസ്.സി.ഐ.എസ്) അറിയിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് കാത്തിരിപ്പുകാലം കൂടുമെന്നതാണ് നടപടിയുടെ പ്രത്യക്ഷ പ്രത്യാഘാതം. വിസ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നതുകൊണ്ടും നിലവിലെ വിസകളുടെ കാലാവധി നീട്ടണമെന്നതടക്കമുള്ള അപേക്ഷകളില്‍ അന്തിമ തീര്‍പ്പുകല്‍പിക്കുന്നതിന് സമയം ലഭിക്കുന്നതിനുമായാണ് താല്‍ക്കാലികമായി വിസ നടപടി നിര്‍ത്തിവെക്കുന്നതെന്നാണ് യു.എസ്.സി.ഐ.എസിന്‍െറ വിശദീകരണം.
ഇന്ത്യക്കാരനായ റോ ഖന്ന അടക്കം നാല് കോണ്‍ഗ്രസ് പ്രതിനിധികള്‍ ചേര്‍ന്നാണ് രാജ്യത്തിന് തിരിച്ചടിയാകുന്ന ‘എച്ച്1ബി, എല്‍1 വിസ പരിഷ്കരണ ബില്‍ -2017’ അവതരിപ്പിച്ചത്. ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ബിസിനസ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന നാസ്കോമിന്‍െറ പ്രതിനിധി സംഘം അമേരിക്കയിലെ ഉന്നതരുമായി വിസ വിഷയം ചര്‍ച്ചചെയ്ത് മടങ്ങിയതിനു പിന്നാലെയാണ് ബില്ല്. എച്ച്1ബി വിസയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നും ഇത് സ്വദേശി തൊഴില്‍ അവസരങ്ങള്‍ കവരുന്നതായും യു.എസിലെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും വിശ്വസിക്കുന്നതായാണ് വിലയിരുത്തല്‍. യു.എസിലെ തൊഴില്‍, വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ എ.എഫ്.എല്‍-സി.ഐ.ഒയുടെയും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്സ് സംഘടനയുടെയും പിന്തുണയോടെയാണ് വിസ ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതിനിധിസഭയും സെനറ്റും ബില്‍ പാസാക്കുകയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അതില്‍ ഒപ്പുവെക്കുകയും ചെയ്താല്‍ തൊഴില്‍ ദാതാക്കള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ പൂര്‍ണമായും സംരക്ഷിക്കേണ്ടിവരും. എച്ച്1ബി വിസയുള്ള വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുക, സ്ഥാപനത്തില്‍ 50ല്‍ കൂടുതല്‍ അല്ളെങ്കില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ എച്ച്1ബി, എല്‍1 വിസക്കാരാണെങ്കില്‍ ബാക്കി നിയമനങ്ങളില്‍ ഇതേ വിസയുള്ളവര്‍ പാടില്ളെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളും ബില്ലിലുണ്ട്.
എച്ച് വണ്‍ ബി വിസ
ഉയര്‍ന്ന തൊഴിലുകളില്‍ വിദേശികളെ താല്‍ക്കാലികമായി നിയമിക്കാന്‍ അമേരിക്കന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അനുമതി നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1ബി. എച്ച്1ബി വിസയുള്ളയാളെ തൊഴില്‍ ദാതാവ് പിരിച്ചുവിടുകയോ വിസ കാലാവധി കഴിയുകയോ ചെയ്താല്‍ അയാള്‍ മറ്റ് ഏതെങ്കിലും കുടിയേറ്റ ഇതര വിസയിലേക്ക് മാറുകയോ തൊഴില്‍ ദാതാവിനെ കണ്ടത്തെുകയോ ചെയ്യണം. അല്ളെങ്കില്‍ രാജ്യം വിടേണ്ടി വരും. അമേരിക്കയിലെ ദേശീയ കുടിയേറ്റ നിയമമനുസരിച്ചാണ് എച്ച്1ബി വിസ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.