വാഷിങ്ടണ്‍: യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി (സി.ഐ.എ) സ്മാര്‍ട്ട് ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് യു.എസ്. യു.എസ് ഫെഡറല്‍ ഏജന്‍സികളായ എഫ്.ബി.ഐ, സി.ഐ.എ എന്നിവക്കാണ് അന്വേഷണച്ചുമതല. സുപ്രധാന വിവരങ്ങള്‍ വിക്കിലീക്സിന് ആരാണ് ചോര്‍ത്തിക്കൊടുത്തത് എന്നതിനെ കുറിച്ചാണ് അന്വേഷണം. സി.ഐ.എ ഉദ്യോഗസ്ഥരില്‍നിന്നാണോ വിവരങ്ങള്‍ പുറത്തായത് എന്നതും അന്വേഷണപരിധിയില്‍ വരും. വിവരങ്ങള്‍ പുറത്തായതില്‍ സി.ഐ.എ മുന്‍ മേധാവി മൈക്കിള്‍ ഹൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ആയിരക്കണക്കിനു രേഖകളാണു ചൊവ്വാഴ്ച വിക്കിലീക്സ് പുറത്തുവിട്ടത്. സുരക്ഷാഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു വിവരങ്ങള്‍ ചോര്‍ത്താന്‍ സി.ഐ.എ സ്വീകരിച്ച തന്ത്രങ്ങളാണു വെളിപ്പെടുത്തലുകളില്‍ പ്രധാനം. രേഖകള്‍ ആധികാരികമാണെന്നാണു വിദഗ്ധരുടെ പ്രാഥമികനിഗമനം. അതേസമയം, സി.ഐ.എയും എഫ്.ബി.ഐയും വൈറ്റ്ഹൗസും വിക്കിലീക്സ് വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
ഐഫോണ്‍, ഐ പാഡ് അടക്കം ഐ.ഒ.എസ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉല്‍പന്നങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്താനായി സി.ഐ.എയും ബ്രിട്ടീഷ് ചാരസംഘടനയും സംയുക്ത ശ്രമം നടത്തിയതായും വിക്കിലീക്സ് വെളിപ്പെടുത്തി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചനയിലാണെന്ന് ആപ്പിള്‍,സാംസങ് അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ വെര്‍ജീനിയയിലെ ലാങ്ലീയില്‍ സി.ഐ.എയുടെ സെന്‍റര്‍ ഫോര്‍ സൈബര്‍ ഇന്‍റലിജന്‍സിലെ 8761 രഹസ്യരേഖകളാണു ഇയര്‍ സീറോ എന്നപേരില്‍ വിക്കിലീക്സ് പരസ്യപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.