മോസ്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ വൈറലായി പ്രസിഡന്റ് വ്ലാദമിർ പുടിന്റെ വാക്കുകൾ. പ്രിഗോഷിന്റെ മരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മുമ്പ് ഒരു അഭിമുഖത്തിനിടെ പുടിൻ നടത്തിയ അഭിപ്രായപ്രകടനം വൈറലാവുന്നത്. ഇക്കഴിഞ്ഞ ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള റഷ്യൻ കൂലിപ്പട്ടാളം പുടിനെതിരെ തിരിഞ്ഞിരുന്നു.
24 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബെലാറസ് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വാഗ്നർ ഗ്രൂപ്പ് പിൻമാറിയത്. പ്രിഗോഷിന്റെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയെ രാജ്യദ്രോഹമെന്നാണ് പുടിൻ വിളിച്ചത്. ഒടുവിൽ 10 പേർ മരിച്ച വിമാനാപകടത്തിൽ പ്രിഗോഷിനും കൊല്ലപ്പെടുമ്പോൾ അത് നിരവധി ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്. പ്രിഗോഷിന്റെ മരണം കൊലപാതകമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് പുടിന്റെ പഴയൊരു ഇന്റർവ്യു വൈറലാവുന്നത്.
2018ലെ ഇന്റർവ്യുവിലാണ് പുടിന്റെ പ്രസ്താവന. നിങ്ങൾ ക്ഷമിക്കുന്നയാളാണോയെന്നായിരുന്നു പുടിനോടുള്ള ചോദ്യം. എന്നാൽ, എല്ലാവരോടും ക്ഷമിക്കില്ലെന്നായിരുന്നു ചോദ്യത്തോടുള്ള പുടിന്റെ മറുപടി. എന്താണ് ക്ഷമിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന ചോദ്യത്തിന് വഞ്ചനയാണ് അതെന്നായിരുന്നു പുടിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.