മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലും പരിസരങ്ങളിലും യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ. ഇക്കഴിഞ്ഞ ഞായറാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. യുദ്ധത്തിൽ പരിഭ്രാന്തരായാണ് യുക്രെയ്ൻ മോസ്കോയിൽ ഡ്രോൺ ആക്രമണശ്രമങ്ങൾ നടത്തുന്നതെന്ന് റഷ്യൻ സൈനികവൃത്തങ്ങൾ പ്രതികരിച്ചു.
യുദ്ധം പതിയെ റഷ്യൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏൽക്കാൻ അദ്ദേഹം തയാറായതുമില്ല. ചൊവ്വാഴ്ച പുലർച്ചെ മോസ്കോക്ക് പുറത്ത് രണ്ട് യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്നാണ് റഷ്യൻ പ്രതിരോധ വിഭാഗം അറിയിച്ചത്. മറ്റൊരു ഡ്രോൺ തകർന്ന് മോസ്കോയിലെ വ്യാപാരപ്രദേശത്തുള്ള വലിയ കെട്ടിടത്തിൽ ഇടിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം കാര്യമായി തകർന്നിട്ടുണ്ട്.
ക്രെംലിന് ഏഴു കിലോമീറ്റർ മാറിയാണ് ഈ സംഭവം. വിവിധ സർക്കാർ വകുപ്പുകളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന മേഖലകൂടിയാണിത്.ഡ്രോൺ ഇടിച്ച കെട്ടിടത്തിലാണ് സാമ്പത്തിക വികസന മന്ത്രാലയ ഓഫിസുള്ളതെന്ന് റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ച നിരവധി ഗ്ലാസ് പാനലുകൾ തകർന്ന നിലയിലാണ്. അതിനിടെ, കരിങ്കടലിലുള്ള തങ്ങളുടെ രണ്ടു യുദ്ധക്കപ്പലുകൾക്കുനേരെ കിയവ് ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചതായും റഷ്യ ആരോപിച്ചു.
ഈ മൂന്നു ഡ്രോണുകളും തകർത്തതായി സൈന്യം വ്യക്തമാക്കി.ഡ്രോൺ ആക്രമണങ്ങളുമായി യുക്രെയ്ൻ പ്രതിരോധം തുടരവെ, മധ്യ യുക്രെയ്ൻ നഗരമായ ക്രിവൈ റീഹിൽ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. ഇത് സെലൻസ്കിയുടെ നഗരംകൂടിയാണ്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.