ലണ്ടൻ: അതിവേഗം ലോകം കീഴടക്കാനൊരുങ്ങുന്ന നിർമിത ബുദ്ധി സാങ്കേതികത മനുഷ്യവംശത്തിന് മഹാദുരന്തം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി പ്രമുഖ രാജ്യങ്ങൾ പുറത്തിറക്കിയ പ്രഖ്യാപനം. പ്രഥമ നിർമിത ബുദ്ധി ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ, ചൈന എന്നിവയടക്കം ഒപ്പുവെച്ച ബ്ലെച്ച്ലി പ്രഖ്യാപനത്തിലാണ് പുറത്തിറക്കിയ മുന്നറിയിപ്പുള്ളത്.
ബ്രിട്ടീഷ് സർക്കാർ ആതിഥ്യം വഹിച്ച ഉച്ചകോടിയിൽ ഇന്ത്യ, യു.എസ്, ഫ്രാൻസ് അടക്കം 28 രാജ്യങ്ങൾ പങ്കെടുത്തു. ഈ വിഷയത്തിൽ രാജ്യാന്തര സഹകരണം ഉറപ്പാക്കാൻ ആദ്യപടിയായി ആറു മാസത്തിനിടെ ദക്ഷിണ കൊറിയയിലും പിന്നീട് ഫ്രാൻസിലും ഭാവി സുരക്ഷ ഉച്ചകോടികൾ നടത്താനും തീരുമാനമായി. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്നുണ്ട്. ദക്ഷിണ ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറിൽ ബ്ലെച്ച്ലി പാർക്കിലാണ് ദ്വിദിന ഉച്ചകോടി.
‘‘ബോധപൂർവമോ അല്ലാതെയോ ഗുരുതരമായ, ചിലപ്പോൾ ദുരന്തസമാനമായ നാശത്തിന് ശേഷിയുള്ളതാണ് ഈ നിർമിത ബുദ്ധി മാതൃകകൾ. നിർമിത ബുദ്ധി രംഗത്ത് അതിവേഗത്തിൽ, അനിശ്ചിതമായ വേഗത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ഒപ്പം ഈ മേഖലയിലെ നിക്ഷേപങ്ങളും പരിഗണിച്ചാൽ ഇവ ഉയർത്താവുന്ന ഭീഷണികൾ നേരിടൽ അനിവാര്യമാണ്’’ -പ്രഖ്യാപനം പറയുന്നു. ഭരണകൂടങ്ങൾക്ക് പുറമെ അക്കാദമിക വിശാരദർ, കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഈ രംഗത്ത് നിർണായക ചുവടുവെപ്പാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.