ജറൂസലം: അഡോൾഫ് ഹിറ്റ്ലറിന് ഹോളോകോസ്റ്റ് സംബന്ധിച്ച് നിർദേശം നൽകിയത് ഫലസ്തീൻ നേതാവാണെന്ന വിവാദ പ്രസ്താവനയിൽനിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മലക്കം മറിഞ്ഞു. ഇസ്രായേലിലെയും ആഗോളതലത്തിലെയും ചരിത്രകാരന്മാരും രാഷ്ട്രീയ നേതൃത്വവും നെതന്യാഹുവിെൻറ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നെതന്യാഹുവിെൻറ പിൻവാങ്ങൽ. വെള്ളിയാഴ്ച ഫേസ്ബുക്കിൽ ഇംഗ്ലീഷിലും ഹീബ്രുവിലും പ്രസിദ്ധീകരിച്ച കുറിപ്പിലാണ് നെതന്യാഹു തെൻറ ചുവടുമാറ്റം വ്യക്തമാക്കിയത്.
ജൂതരെ കൊന്നൊടുക്കാനുള്ള തീരുമാനം നാസികൾ സ്വീകരിക്കുന്നതിന് പുറത്തുനിന്നുള്ള സ്വാധീനമുണ്ടായിരുന്നില്ല എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ജറൂസലം മുഫ്തിയായിരുന്ന അമീൻ അൽഹുസൈനി നാസികൾ തങ്ങളുടെ സഹകാരിയായി കണ്ടിരുന്നുവെങ്കിലും 1941 ജൂണിൽ ജൂതരെ കൊന്നൊടുക്കാൻ തീരുമാനിക്കുന്നതിന് അദ്ദേഹത്തിെൻറ ഉപദേശം വേണ്ടിയിരുന്നില്ല. എന്നാൽ, നാസികളുമായുള്ള ബന്ധത്തിലൂടെ മുഫ്തിക്ക് ജൂതരോട് വിരോധമുണ്ടായിരുന്നു. അദ്ദേഹം ജൂതർ മസ്ജിദുൽ അഖ്സ തകർക്കുമെന്ന കളവ് പ്രചരിപ്പിച്ചിരുന്നു –ഫേസ്ബുക് കുറിപ്പിൽ നെതന്യാഹു പറയുന്നു.
അൽഹുസൈനിയാണ് ഹിറ്റ്ലറിന് മുന്നിൽ രണ്ടാം ലോക യുദ്ധകാലത്ത് ജൂതരെ കൊന്നൊടുക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചതെന്നായിരുന്നു നെതന്യാഹുവിെൻ വാദം. ഹിറ്റ്ലർ ജൂതരെ നാടുകടത്താനാണ് തീരുമാനിച്ചിരുന്നതെന്നും മുഫ്തിയുടെ നിർദേശം സ്വീകരിച്ചാണ് ഹോളോകോസ്റ്റിന് തീരുമാനിച്ചതെന്നും നെതന്യാഹു വിശദീകരിച്ചു.
എന്നാൽ, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പുതിയ വിശദീകരണത്തിനെതിരെ ഇസ്രായേലിലെ ചരിത്രകാരന്മാർ രംഗത്തുവന്നു. ഹിറ്റ്ലറിനെ ഹോളോകോസറ്റ് ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടുത്തി ഫലസ്തീനുമേൽ കെട്ടിവെക്കാനുള്ള ശ്രമം തീവ്രജൂത വിഭാഗങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെട്ടു. ഫലസ്തീനികൾ വലിയ ആദരവോടെ കാണുന്ന മുഫ്തിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നതിലൂടെ പ്രകോപനം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും വിമർശമുണ്ടായി. ജർമൻ ചാൻസലർ അംഗലാ മെർകൽ അടക്കമുള്ള ലോക നേതാക്കളും പ്രസ്താവന തെറ്റാണെന്ന് തുറന്നുപറഞ്ഞു. യു.എസും നെതന്യാഹുവിനെ പിന്തുണച്ചില്ല. ഇതോടെയാണ് പുതിയ വിശദീകരണവുമായി രംഗത്തുവരാൻ നെതന്യാഹു നിർബന്ധിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.