കശ്മീർ പാകിസ്താന്‍റെ അവിഭാജ്യ ഘടകമെന്ന് പാക് പ്രസിഡന്‍റ്

ഇസ് ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മോശമായ പ്രതിച്ഛായ മറികടക്കാൻ പാകിസ്താൻ ഭരണകൂടം പുതിയ നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി പാക് പ്രസിഡന്‍റ് മംനൂൺ ഹുസൈനാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കശ്മീർ പകിസ്താന്‍റെ അവിഭാജ്യ ഘടകമാണെന്ന് പാക് പ്രസിഡന്‍റ് അവകാശപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്നുള്ള പ്രതിനിധി സംഘത്തോടാണ് മംനൂൺ ഹുസൈൻ നിലപാടറിയിച്ചത്.

കശ്മീർ വിഘടനവാദികളെ പാകിസ്താൻ പിന്തുണക്കുന്നത് തുടരും. ഇംഗ്ലീഷിൽ പാകിസ്താന്‍റെ പേരിലെ ‘കെ’ എന്ന അക്ഷരം കശ്മീരിനെയാണ് അർഥമാക്കുന്നത്. കശ്മീർ ഇല്ലാത്ത പാകിസ്താൻ പൂർണമല്ലെന്ന രാഷ്ട്ര സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ വാക്കുകൾ മംനൂൺ ഹുസൈൻ ആവർത്തിക്കുകയും ചെയ്തു.

ഇന്ത്യ-പാക് ചർച്ചകൾ പുനരാരംഭിക്കാൻ ലാഹോറിൽ നടന്ന ശരീഫ്-മോദി കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്താൻകോട്ട് വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തെ അപലപിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, കുറ്റക്കാരായ സംഘടനകൾക്കും വ്യക്തികൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകിയിരുന്നു.

പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേന്ദ്രസർക്കാർ നിഗമനം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.