സിറിയയിലെ പട്ടിണിനഗരങ്ങള്‍ക്ക് സഹായം വേണം

ഡമസ്കസ്: ‘പട്ടിണി’ ഒരു യുദ്ധമുറയായി ഭരണകൂടം സ്വീകരിച്ചതിന്‍െറ നേര്‍ചിത്രങ്ങളാണ് ഇപ്പോള്‍ സിറിയയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഏകാധിപത്യ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറിയ സിറിയയിലെ ഏതാനും ചെറുനഗരങ്ങളില്‍ ദിനംപ്രതി രണ്ടും മൂന്നും ആളുകള്‍ ഭക്ഷണം കിട്ടാതെ മരിച്ചുവീഴുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എലിയും പൂച്ചയും പച്ചിലയുമൊക്കെ കഴിച്ചാണ് ഇവിടത്തെ ജനങ്ങള്‍ മാസങ്ങളായി കഴിച്ചുകൂട്ടുന്നതെന്ന് ഇപ്പോള്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഉള്‍പ്പെടെ സ്ഥിരീകരിച്ചത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

സിറിയന്‍ തലസ്ഥാനമായ ഡമസ്കസില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മദായ എന്ന ചെറുപട്ടണത്തില്‍ മാസങ്ങളായി 40,000ത്തോളം പേര്‍ ഭക്ഷണമില്ലാതെ കഴിയുന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചകളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് രാജ്യത്തെ ‘പട്ടിണിനഗരങ്ങള്‍’ ചര്‍ച്ചയായത്. എല്ലുംതോലുമായ കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പോലുള്ള സന്നദ്ധസംഘടനകള്‍ മേഖലയിലേക്ക് തിരിച്ചത്. മദായയില്‍ കഴിഞ്ഞ ഒക്ടോബറിനുശേഷം സന്നദ്ധ സംഘടനകളോ അഭയാര്‍ഥി ഏജന്‍സിയോ ഭക്ഷണം എത്തിച്ചിട്ടില്ലത്രെ.

അതിനുശേഷം, ഈ പട്ടണത്തില്‍ 40ലേറെ പേര്‍ പട്ടിണികിടന്നു മരിച്ചു. അതില്‍ പകുതിയിലേറെയും കുട്ടികളാണ്. മദായയില്‍ മാത്രമല്ല, ഈ ദുരന്തം. ഡമസ്കസിന്‍െറ പ്രാന്തപ്രദേശമായ ഗൂതയിലും ഫുആയിലും യര്‍മൂക് അഭയാര്‍ഥി ക്യാമ്പില്‍നിന്നുമെല്ലാം അടുത്തകാലത്തായി പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 15 കേന്ദ്രങ്ങളെങ്കിലുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിമതസൈനികര്‍ പിടിച്ചെടുത്ത നഗരങ്ങളിലാണ് ബശ്ശാര്‍ ഭരണകൂടം ‘പട്ടിണി’ യുദ്ധമുറയായി സ്വീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഗൂതയില്‍ 2013ല്‍ ബശ്ശാര്‍ രാസായുധം പ്രയോഗിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2012ലാണ് മദായയും ഗൂതും ബശ്ശാര്‍ ഭരണകൂടത്തിന് നഷ്ടമായത്. പിന്നീട്, കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാറുമായി വിമതസൈനികര്‍ വെടിനിര്‍ത്തലിന് വ്യവസ്ഥകളോടെ ധാരണയായിരുന്നു. വിമതര്‍ പിടിച്ചടക്കിയ മേഖലയില്‍നിന്ന് ബശ്ശാര്‍ സൈനികര്‍ക്ക് പുറത്തേക്ക് പോകുന്നതിനുള്ള അനുമതി നല്‍കുന്നതായിരുന്നു കരാറുകളില്‍ ഒന്ന്.

ഇതിന് പകരമായി ഈ നഗരങ്ങളിലെ സിവിലിയന്മാര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണവും മറ്റും നല്‍കണമെന്നായിരുന്നു നിബന്ധന. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 18ന് മദായയിലേക്ക് ഭക്ഷണവുമായി സര്‍ക്കാര്‍ വാഹനമത്തെി. എന്നാല്‍, അതിനുശേഷം സര്‍ക്കാര്‍ കരാറില്‍നിന്ന് പിന്മാറിയതോടെ, മദായയിലെ ജനങ്ങള്‍ പട്ടിണിയിലാവുകയായിരുന്നു. ഈ മേഖലയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ കടത്തിവിടാന്‍ ബശ്ശാര്‍ ഭരണകൂടം വിസമ്മതിക്കുകകൂടി ചെയ്തതോടെ ദുരന്തം പൂര്‍ണമായി.

മദായയിലെയും ഗൂതിലെയും ഫുആയിലെയും പട്ടിണിമരണങ്ങള്‍ കഴിഞ്ഞദിവസമാണ് യു.എന്‍ സ്ഥിരീകരിച്ചത്. മേഖലയിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുമെന്ന് സിറിയ അറിയിച്ചിട്ടുണ്ട്. സിറിയയുടെ തീരുമാനത്തെ യു.എന്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാണെന്ന് വ്യക്തമല്ല. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും പട്ടിണിനഗരങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് രംഗത്തത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.