മാലദ്വീപ് മുന്‍ പ്രസിഡന്‍റ് നശീദിന് ബ്രിട്ടന്‍ അഭയം നല്‍കി


ലണ്ടന്‍: ഭീകരവിരുദ്ധ കുറ്റം ചുമത്തി 13 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാലദ്വീപ് മുന്‍പ്രസിഡന്‍റ് മുഹമ്മദ് നശീദിന് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കി. രാഷ്ട്രീയ അഭയം നല്‍കണമെന്ന നശീദിന്‍െറ അപേക്ഷ ബ്രിട്ടന്‍ സോപാധികം സ്വീകരിക്കുകയായിരുന്നുവെന്ന്  അഭിഭാഷകന്‍ ഹസന്‍ ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ 49കാരനായ നശീദിന് ചികിത്സാര്‍ഥം ബ്രിട്ടനിലേക്ക് പോവാന്‍ അനുമതി ലഭിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചുവരാനാണ് സര്‍ക്കാറിന്‍െറ ഉത്തരവെങ്കിലും ഭാര്യയും മക്കളും ബ്രിട്ടനില്‍ കഴിയുന്നതിനാല്‍ അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.  പ്രസിഡന്‍റ് അബ്ദുല്ല യമീന്‍  പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ജയിലിലടക്കുകയും തനിക്കെതിരെ ശബ്ദിക്കുന്നവരെ ശിക്ഷിക്കുകയുമാണെന്ന് പ്രസ്താവനയില്‍  നശീദ് പറഞ്ഞു. മാലദ്വീപില്‍ ആവിഷ്കാര സ്വാതന്ത്ര്യം പൂര്‍ണമായി ഇല്ലാതായി. ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് തന്നെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയല്ലാതെ പോംവഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്‍െറ തീരുമാനം നിരാശാജനകമാണെന്നും നല്ലത ്ചെയ്തു എന്നു കാണിക്കാനുള്ള നാട്യമാണിതെന്നും മാലദ്വീപ് സര്‍ക്കാര്‍ പറഞ്ഞു.
2008ലാണ്  മൂന്നു ദശകം നീണ്ട മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്‍െറ ഏകാധിപത്യത്തിന് വിരാമമിട്ട് നശീദ് മാലദ്വീപിന്‍െറ ആദ്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാവധി തികക്കും മുമ്പ് അട്ടിമറിയിലൂടെ ഖയ്യൂമിന്‍െറ സഹോദരന്‍ അബ്ദുല്ല യമീന്‍ അധികാരം  പിടിച്ചെടുത്തു. ഭീകരവിരുദ്ധക്കുറ്റം ചുമത്തി 13 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.