ഡമസ്കസ്: സിറിയൻ ആഭ്യന്തരയുദ്ധത്തിന് ഏഴാണ്ട് തികയുന്ന വേളയിൽ, വിമതരുടെ അധീനതയിലുള്ള കിഴക്കൻ ഗൂതയിൽ ബശ്ശാർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20 കുട്ടികളടക്കം കൊല്ലപ്പെട്ടത് നൂറിലേറെ പേർ. സൈന്യത്തിെൻറ നിഷ്ഠുരമായ ആക്രമണത്തിൽ 300ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിഴക്കൻ ഗൂതയിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മൂന്നുമാസത്തിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 700 ആയി. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ മേഖലയിലെ മൂന്ന് ആശുപത്രികൾ തകർന്നു. നാലു ലക്ഷത്തോളം പേരാണ് കിഴക്കൻ ഗൂതയിലുള്ളത്. ചൊവ്വാഴ്ച രാവിലെയും ആക്രമണം തുടരുകയാണെന്ന് വൈറ്റ്ഹെൽമറ്റ് പ്രവർത്തകർ പറഞ്ഞു. സാഹചര്യം നിയന്ത്രണാതീതമാണെന്നും എത്രയും പെെട്ടന്ന് ആക്രമണം നിർത്തണമെന്നും യു.എൻ ആവശ്യപ്പെട്ടു.
‘‘21ാം നൂറ്റാണ്ടിെല കൂട്ടക്കൊലക്കാണ് ഞങ്ങൾ സാക്ഷിയായത്. 1980കളിൽ ഹലബ്ജ, സബ്റ, ശാതില, 1990കളിൽ സ്രെബ്രനീസ കൂട്ടക്കൊലകൾക്കു ശേഷം കിഴക്കൻ ഗൂതയും ദുരന്തഭൂമിയായി മാറിയെന്ന് പ്രദേശത്തെ ഡോക്ടർ പറഞ്ഞു. ‘‘ഏതാനും നിമിഷം മുമ്പാണ് എെൻറയടുക്കലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവന്നത്. കഷ്ടിച്ച് ഒരു വയസ്സ് കാണും. അവെൻറ മുഖം നീലിച്ചിരുന്നു. ശ്വാസമെടുക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു. കുട്ടിയുടെ വായിൽ മണൽത്തരികൾ നിറഞ്ഞിരുന്നു. ഞാനത് കൈകൾകൊണ്ട് തുടച്ചുകളഞ്ഞു. ഇവിടെ നടക്കുന്നത് യഥാർഥത്തിൽ തീവ്രവാദമാണ്. ഭൂമുഖത്ത് കിട്ടാവുന്ന എല്ലാ ആയുധങ്ങളുമുപയോഗിച്ച് ഇത്തരത്തിൽ ആളുകളെ കൊന്നൊടുക്കുന്നത് തീവ്രവാദമല്ലാതെ മറ്റെന്താണ്. ഇതാണോ യുദ്ധം? അല്ല. ഇത് കൂട്ടക്കൊലയാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു
അടുത്തിടെ മേഖലയിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കവിഞ്ഞെന്നാണ് സന്നദ്ധസംഘടനകളുടെ റിപ്പോർട്ട്. സിറിയൻ തലസ്ഥാനമായ ഡമസ്കസിൽനിന്ന് 15 കി.മീ. അകലെയായണ് കിഴക്കൻ ഗൂത. 22 വിഭാഗത്തിലുള്ള ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ജയ്ശുൽ ഇസ്ലാമിനാണ് ആധിപത്യം. 2013 മുതൽ സർക്കാർ ഉപരോധത്തിൽ കഴിയുകയാണ് നഗരം. ഇക്കഴിഞ്ഞ 14ന് മരുന്നും ഭക്ഷ്യവസ്തുക്കളുമായി അന്താരാഷ്ട്ര ദൗത്യസംഘം ഇവിടേക്കെത്തിയിരുന്നു. 2,72,500ഒാളം ആളുകൾക്ക് അപര്യാപ്തമായിരുന്നു ഇൗ സഹായം. കഴിഞ്ഞവർഷം റഷ്യ, ഇറാൻ, തുർക്കി രാജ്യങ്ങളുടെ മാധ്യസ്ഥ്യത്തിൽ മേഖലയിൽ ആക്രമണത്തിെൻറ തീവ്രത കുറക്കുന്നതിന് ധാരണയിലെത്തിയിരുന്നു. എന്നാൽ, കരാർ ലംഘനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.