തെഹ്റാൻ: യു.എസ് ഉപരോധത്തിന് ശക്തമായ മറുപടിയുമായി യുദ്ധവിമാനങ്ങളുമായി ഇറാെൻറ വ്യോമാഭ്യാസം. രാജ്യം നേരിടുന്നത് യുദ്ധസമാന സാഹചര്യമാണെന്നും ഏതുവിധേനയും അതു നേരിടുമെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി വ്യക്തമാക്കി. 1980ലെ ഇറാൻ-ഇറാഖ് യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയാണ് റൂഹാനി നിലവിലെ അവസ്ഥ വിവരിച്ചത്. അന്നു ശത്രുവായി മുന്നിൽ നിന്നത് സദ്ദാം ഹുസൈനായിരുന്നു. ഇന്ന് ഡോണൾഡ് ട്രംപാണ്. രണ്ടാളും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. എന്തുവിലകൊടുത്തും നേരിേട്ട തീരൂവെന്നും റൂഹാനി പ്രഖ്യാപിച്ചു.
2015ൽ െഎക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളും ജർമനിയും ഇറാനും ചേർന്ന് ഒപ്പുവെച്ച ആണവകരാറിൽനിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഉപരോധങ്ങൾ പുനഃസ്ഥാപിച്ചത്. കരാറിനെ തുടർന്ന് ഇറാന് നൽകിയ ഇളവുകളെല്ലാം ട്രംപ് ഭരണകൂടം പിൻവലിച്ചു. ഇറാെൻറ എണ്ണ വിപണി തകർത്ത് സാമ്പത്തികമായി അസ്ഥിരപ്പെടുത്തുകയാണ് ട്രംപിെൻറ പ്രധാന ലക്ഷ്യം. നവംബർ അഞ്ചിന് ഉപരോധം പ്രാബല്യത്തിലായതുമുതൽ 20ലേറെ രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെട്ടു. ഇതോടെ പ്രതിദിനം 10 ലക്ഷം ക്രൂഡ്ഒായിൽ ഇറക്കുമതിയാണ് നിലച്ചത്. ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതോടെ എത്രയും െപെട്ടന്ന് യുറേനിയം സമ്പുഷ്ടീകരിക്കാൻ തയാറെടുക്കുകയാണ് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നത് കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു. യു.എസ് പിന്മാറിയാലും കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന് യൂറോപ്യൻ യൂനിയൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ചൈനയെയും യു.എസ് ഒഴിവാക്കി. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിെൻറ 80 ശതമാനവും നിറവേറുന്നത് വിദേശ ഇറക്കുമതിയെ തുടർന്നാണ്. സൗദിയും ഇറാഖും കഴിഞ്ഞാൽ ഇന്ത്യയുടെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇറാൻ. ആകെ ആവശ്യത്തിെൻറ 10 ശതമാനമാണ് അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന യു.എസിെൻറ നിർദേശം നേരത്തേ ഇന്ത്യ തള്ളിയിരുന്നു. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തുർക്കി, ഗ്രീസ്, തായ്വാൻ, ഇറ്റലി എന്നീ എട്ടു രാജ്യങ്ങൾക്കാണ് ഇറാൻ എണ്ണവിലക്ക് ബാധകമല്ലാത്തത്. ഇൗ രാജ്യങ്ങൾ ഭാവിയിൽ ഘട്ടംഘട്ടമായി എണ്ണ ഇറക്കുമതി കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസ്താവിച്ചിട്ടുണ്ട്.
യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിനൊപ്പം നടത്തിയ വാർത്തസേമ്മളനത്തിലാണ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, ഉപരോധത്തെ എതിർത്ത് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തുവന്നു. ലോകത്തെ സന്തുലിതാവസ്ഥ തകർക്കുകയാണ് യു.എസിെൻറ ലക്ഷ്യമെന്നും അവരെ പിന്തുടരാനില്ലെന്നും ഉർദുഗാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.