ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള ചർച്ചയിൽനിന്ന് ഇന്ത്യയുടെ പിൻമാറ്റത്തിൽ ഇംറാനെ കണക്കിന് പഴിച്ച് പ്രതിപക്ഷ കക്ഷികൾ. ആവശ്യമായ ഗൃഹപാഠമില്ലാതെ തിടുക്കപ്പെട്ട് നടത്തിയ നീക്കമാണ് പരാജയപ്പെട്ടതെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി ഇംറാൻ ഖാൻ മാത്രമാണെന്നും പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.
കശ്മീർ, തീവ്രവാദം ഉൾപ്പെടെ തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്താണ് വീണ്ടും സൗഹൃദത്തിെൻറ സാധ്യതകൾ തുറന്നിട്ടിരുന്നത്.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും മഹ്മൂദ് ഖുറൈശിയും തമ്മിൽ യു.എൻ പൊതുസഭ സമ്മേളന നഗരമായ ന്യൂയോർക്കിൽ സംഗമിക്കാനായിരുന്നു തീരുമാനം.
എന്നാൽ, കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാനിയുടെ സ്റ്റാമ്പ് ഇറക്കിയതും കശ്മീരിൽ പൊലീസുകാർ ഭീകരരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതും മുൻനിർത്തി ഇന്ത്യ ചർച്ചയിൽനിന്ന് പിൻവാങ്ങുകയായിരുന്നു. പിൻമാറ്റത്തിെൻറ ഉത്തരവാദി ഇംറാനാണെന്ന് മുഖ്യ പ്രതിപക്ഷ കക്ഷികളായ പാകിസ്താൻ മുസ്ലിം ലീഗ്- നവാസും പാകിസ്താൻ പീപ്ൾസ് പാർട്ടിയും കുറ്റപ്പെടുത്തി.
ഇംറാൻ ഖാൻ കാണിച്ച തിടുക്കം സ്വന്തം രാജ്യത്തിെൻറ വാദം ദുർബലപ്പെടുത്തിയതായി പാക് മുൻ വിദേശകാര്യ മന്ത്രിയും പി.എം.എൽ-എൻ വക്താവുമായ ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.