ഗാസ: ഫലസ്തീൻ ഭൂപ്രദേശമായ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം. ഫലസ്തീൻ പോരാട്ട സംഘടനയായ ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളിലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണം ഇസ്രായേൽ സേന സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രായേൽ വ്യക്തമായ കടന്നുകയറ്റമാണ് നടത്തിയതെന്ന് ഹമാസ് പ്രതികരിച്ചു. ശത്രുവിനെതിരെ ശക്തമായ പോരാട്ടം തുടരുന്നത് നയത്തിന്‍റെ ഭാഗമാണെന്നും ജനങ്ങളുടെ ചെറുത്തുനിൽപ്പാണിതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ജൂലൈ ആദ്യ ആഴ്ചയിൽ ഫലസ്തീൻ തീരത്ത് നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഹമാസ് ആണ് ആക്രമണത്തിന് പിന്നിലെന്നുമാണ് ഇസ്രായേൽ സേന ആരോപിക്കുന്നത്. ഇസ്രയേലിന്‍റെ അയൺ ഡോം ഏരിയൽ പ്രതിരോധ സംവിധാനം റോക്കറ്റിനെ തകർത്തതായും സേന വ്യക്തമാക്കുന്നു.
1967ൽ ആറു ദിവസം നീണ്ട യുദ്ധത്തിലാണ് ഈജിപ്തിന്‍റെ കൈയ്യിൽ നിന്ന് ഇസ്രായേൽ ഗാസ തുരുത്ത് പിടിച്ചെടുത്തത്. 2005ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രായേൽ, അവിടെ നടത്തിയ കടന്നുകയറ്റം അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.