2014ലെ ഗസ്സ ആക്രമണം; പ്രശ്നം രൂക്ഷമാക്കിയത് നെതന്യാഹുവിന്‍െറ അലംഭാവമെന്ന് റിപ്പോര്‍ട്ട്

തെല്‍അവീവ്: 2014ലെ 90 ദിവസം നീണ്ട ഗസ്സ ആക്രമണത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകാനിടയാക്കിയത് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറയും പ്രതിരോധവിഭാഗങ്ങളുടെയും നേതൃത്വപാടവമില്ലായ്മയും അലംഭാവവും ആയിരുന്നുവെന്ന് അന്വേഷണറിപ്പോര്‍ട്ട്. ഇസ്രായേല്‍ സ്റ്റേറ്റ് കണ്‍ട്രോളര്‍ ജനറല്‍ തെളിവുകള്‍ സമാഹരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണ് നെതന്യാഹുവിന്‍െറയും സംഘത്തിന്‍െറയും വീഴ്ചകള്‍ തുറന്നുകാട്ടിയത്.

ഗസ്സയില്‍ ഭരണം നടത്തുന്ന ഹമാസ് ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിക്കുന്ന വിവരം നേരത്തേ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, യഥാസമയം ഉചിതമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ നെതന്യാഹുവും പ്രതിരോധമന്ത്രി മോശെ യാലമും വീഴ്ചവരുത്തുകയാണുണ്ടായതെന്ന് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഇസ്രായേലിന്‍െറ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയത്.

രാഷ്ട്രീയ-സൈനിക-ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ തുരങ്കങ്ങളുയര്‍ത്തുന്ന അപകടസാധ്യതകള്‍ മനസ്സിലാക്കുകയും തുരങ്കങ്ങളുടെ യുദ്ധതന്ത്രപരമായ പ്രാധാന്യം ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിലും അവര്‍ക്കെതിരെ നടപടികളൊന്നും കൈക്കൊണ്ടില്ളെന്ന് കണ്‍ട്രോളര്‍ യൂസുഫ് ശാഹറ ആവര്‍ത്തിച്ചുവ്യക്തമാക്കുന്നു. യുദ്ധത്തില്‍ 68 സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഫലസ്തീന്‍ പക്ഷത്തും വന്‍ ആള്‍നാശമുണ്ടായി. പശ്ചിമേഷ്യയിലെ സൈനിക വന്‍ ശക്തിയായി അറിയപ്പെടുന്ന ഇസ്രായേലിന്‍െറ അജയ്യതക്കേറ്റ കനത്ത പ്രഹരമായിരുന്നു ഗസ്സ ആക്രമണം.

ഗസ്സയിലെ സിവിലിയന്മാര്‍ വന്‍ മാനവിക ദുരന്തം അവഗണിച്ചത് ശരിയായില്ളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ഇതരമന്ത്രിമാരുമായി നെതന്യാഹു പങ്കുവെച്ചില്ളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അതേസമയം, കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി നെതന്യാഹു പുച്ഛിച്ചുതള്ളി. ദേശസ്നേഹം തീണ്ടാത്ത അപ്രസക്ത റിപ്പോര്‍ട്ടെന്നായിരുന്നു നെതന്യാഹു കഴിഞ്ഞദിവസം ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - israel palestine war 2014

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.