മാലെ: ഇന്ത്യക്കും ചൈനക്കും നയതന്ത്രപ്രാധാന്യമേറെയുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹമായ മാലദ്വീപ് വോട്ടുചെയ്തു. രാവിലെ എട്ടിനു തുടങ്ങി വൈകീട്ട് ഏഴു വരെ നീണ്ട വോട്ടിങ്ങിൽ വൻ ജനപങ്കാളിത്തമുണ്ടായതായി അധികൃതർ അവകാശപ്പെട്ടു. നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീനും പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സാലിഹും തമ്മിലാണ് പ്രധാന മത്സരം.
ചൈനയോട് ചായ്വ് പുലർത്തുന്ന അബ്ദുല്ല യമീനാണ് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് സുതാര്യമായില്ലെങ്കിൽ ഉപരോധമുൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് യു.എസും പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിെൻറ തലേന്ന് രാത്രി പ്രതിപക്ഷ കക്ഷികളുടെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടന്നിരുന്നു. ആയിരത്തിലേറെ കൊച്ചുദ്വീപുകളുടെ കൂട്ടമായ മാലദ്വീപ് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. നാലു ലക്ഷത്തിലേറെ ജനസംഖ്യയുള്ള രാജ്യം കാലാവസ്ഥ മാറ്റംമൂലം തുടച്ചുനീക്കപ്പെടുമെന്ന ആശങ്ക പേറുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്.
രാഷ്ട്രീയ അനിശ്ചിതത്വം തുടർക്കഥയായ രാജ്യത്ത് 2012ൽ അന്നത്തെ പ്രസിഡൻറ് മുഹമ്മദ് നശീദ് പുറത്താക്കപ്പെടുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയം കണ്ട അബ്ദുല്ല യമീൻ ഒരിക്കൽകൂടി അധികാരം പിടിക്കാൻ വഴിവിട്ട ശ്രമങ്ങൾ നടത്തുന്നതായാണ് ആരോപണം. ചൈനയുമായി കൂട്ടുപിടിച്ച് അബ്ദുല്ല യമീൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയെയും ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയുമായി അടുത്തിടെ മാലദ്വീപ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു.
ആവേശം തിരുവനന്തപുരത്തും
തിരുവനന്തപുരം: മാലദ്വീപ് പ്രസിഡൻറ് തെരെഞ്ഞടുപ്പിെൻറ ആവേശം തലസ്ഥാനത്തും. കുമാരപുരത്തെ കോൺസുലേറ്റിൽ സജ്ജീകരിച്ചിരുന്ന പോളിങ് ബൂത്തിൽ, ആകെ രജിസ്റ്റർ ചെയ്തിരുന്ന 687 പേരിൽ 521പേർ വോട്ട് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 7.30 വരെ ആയിരുന്നു പോളിങ്. ആദ്യം ഇത് വൈകുന്നേരം 4.30 വരെ ആയിരുന്നു ക്രമീകരിച്ചിരുന്നതെങ്കിലും മാലദ്വീപിൽ സമയം ദീർഘിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തും സമയം ദീർഘിപ്പിച്ചു.
വോട്ടിങ്ങിനായി ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. വോട്ട് ചെയ്തവരുടെ വിരലില്‍ മഷിപുരട്ടി. നിലവിലെ പ്രസിഡൻറ് പി.പി.എമ്മിലെ അബ്ദുല്ല യമീനും പ്രതിപക്ഷത്തെ ഇബ്രാഹീം മുഹമ്മദ് സാലിഹുമാണ് മത്സരരംഗത്തുള്ളത്.
ഫലം തിങ്കളാഴ്ച രാവിലെ അറിയാം. മാലദ്വീപില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള രാജ്യത്തെ ഏക പോളിങ് ബൂത്താണ് കുമാരപുരത്തെ മാലദ്വീപ് കോണ്‍സുലേറ്റ് ഓഫിസ്. മുന്‍വര്‍ഷങ്ങളില്‍ രണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.മാലിക്കാര് കൂട്ടത്തോടെ കേരളം വിട്ടുപോകുന്നതാണ് വോട്ടര്‍മാര്‍ കുറയാന്‍ കാരണമെന്ന് കോൺസുലേറ്റ് അധികൃതർ പറഞ്ഞു. വോെട്ടടുപ്പുമായി ബന്ധപ്പെട്ട് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.