ജറൂസലം: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കോടതി വിധിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചത്.
1967ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി ഫലസ്തീനികൾ കണക്കാക്കുന്ന പ്രദേശങ്ങളാണ് ഇവ. 2005ൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുകയും 2007-ൽ ഹമാസ് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, കിഴക്കൻ ജറൂസലമിനെ തങ്ങളുടെ ഭാഗമായും വെസ്റ്റ് ബാങ്കിനെ തർക്ക പ്രദേശമായുമാണ് ഇസ്രായേൽ കണക്കാക്കുന്നത്. എന്നാൽ, വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഇസ്രായേൽ പിടിച്ചടക്കിയത് ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ മൂന്ന് മേഖലകളും അധിനിവേശ പ്രദേശങ്ങളായാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.
ഇസ്രായേൽ നടപടി നാലാമത് ജനീവ കൺവെൻഷൻ അംഗീകരിച്ച 49ാമത് വകുപ്പിന്റെ ലംഘനമാണ്. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ഇസ്രായേൽ കുടിയേറ്റങ്ങളും അവയുമായി ബന്ധപ്പെട്ട ഭരണകൂടവും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.
ഫലസ്തീൻ പ്രദേശങ്ങളുടെ വലിയ ഭാഗങ്ങൾ പിടിച്ചടക്കുന്നതിനായിരുന്നു ഇസ്രയേലിന്റെ നയങ്ങളും നടപടികളുമെന്നും 15 ജഡ്ജിമാരുടെ പാനൽ വിലയിരുത്തി. അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വിവേചനം കാണിക്കുന്നതായും കോടതി കണ്ടെത്തി.
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 2022ൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ മറ്റൊരു കേസും കോടതിയുടെ പരിഗണനയിലുണ്ട്.
20 വർഷം മുമ്പ് വെസ്റ്റ്ബാങ്കിനെ വേർതിരിക്കാൻ ഇസ്രായേൽ നിർമിച്ച കൂറ്റൻ മതിൽ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഐ.സി.ജെ വിധിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഇസ്രായേൽ ഈ വിധിയെ ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.