ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട്് അറസ്റ്റിലായ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും മകൾക്കും ജയിലിൽ എ.സിയും ടി.വിയുമടക്കമുള്ള സൗകര്യങ്ങൾ. കനത്ത സുരക്ഷ സൗകര്യങ്ങളുള്ള റാവൽപിണ്ടിയിലെ ആഡിയാല ജയിലിലാണ് ‘ബി ക്ലാസ്’ സൗകര്യങ്ങൾ ലഭ്യമാക്കിയത്. പാക് ജയിലുകളിൽ സാധാരണ തടവുകാരേക്കാൾ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നവരാണ് ‘ബി ക്ലാസ്’. കട്ടിൽ, കസേര, ടീപോട്ട്, ഷെൽഫ്, ശുചീകരണ സൗകര്യങ്ങൾ എന്നിവ ഇത്തരക്കാർക്ക് മുറിയിൽ ലഭിക്കും. എന്നാൽ, ഇതിന് ആവശ്യമായ െചലവ് തടവുകാരൻ വഹിക്കേണ്ടിവരും.
പാകിസ്താൻ ജയിലുകളിൽ മൂന്നു വിഭാഗമാണുള്ളത്. ഇവരിൽ ‘എ’, ‘ബി’ ക്ലാസ് തടവുകാർക്കാണ് മികച്ച സൗകര്യങ്ങൾ ലഭിക്കുക. ഉയർന്ന സാമൂഹിക പദവിയിലുള്ളവർക്കാണ് ഇൗ ക്ലാസുകളിൽ പ്രവേശനം നൽകുന്നത്.
സാധാരണ തടവുകാർ ‘സി ക്ലാസ്’ ആയാണ് പരിഗണിക്കപ്പെടുന്നത്. ആദ്യ ക്ലാസുകളിലുള്ളവർക്ക് കഠിനമായ ജോലികൾക്കു പകരം ‘സി ക്ലാസ്’ വിഭാഗത്തിലുള്ള വിദ്യാഭ്യാസം കുറഞ്ഞവരെ പഠിപ്പിക്കുന്ന ജോലിയാണ് ലഭിക്കുക. ലണ്ടനിൽനിന്ന് കഴിഞ്ഞ ദിവസം ലാഹോറിലെത്തിയ 68കാരനായ ശരീഫും 44കാരിയായ മർയമും വിമാനത്താവളത്തിലാണ് പിടിയിലായത്. ലണ്ടനിൽ നാലു ആഡംബര ഫ്ലാറ്റുകൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.
ലാഹോറിൽനിന്ന് പ്രത്യേക വിമാനത്തിൽ ഇസ്ലാമാബാദിലെത്തിച്ചാണ് ഇരുവരെയും ആഡിയാല ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഇരുവർക്കും പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതിനിടെ, ശരീഫിനെ ഇസ്ലാമാബാദിലെ സർക്കാർ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാൻ സാധ്യതയുള്ളതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശ്രമ കേന്ദ്രം ജയിലായി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇവരെ ഇവിടേക്ക് മാറ്റുക. എന്നാൽ, ഇതു സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.