ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നേപ്പാൾ. നേപ്പാളിനെതിരെ ഭീഷണി പരാമർശം വേണ്ടെന്ന് യോഗിയെ കേന്ദ്ര സർക്കാർ താക്കീത് ചെയ്യണമെന്ന് നേപ്പാൾ പ്രധാനമന്ത്രി െക.പി. ശർമ ഒലി പറഞ്ഞു.
‘‘ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നേപ്പാളിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിെൻറ പരാമർശം ഉചിതമോ നിയമാനുസൃതമോ അല്ല. അദ്ദേഹത്തിന് ഉത്തരവാദിത്തമില്ലാത്ത വിഷയങ്ങൾ സംസാരിക്കരുതെന്ന് ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ താക്കീത് ചെയ്യണം. നേപ്പാളിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിെൻറ പരാമർശങ്ങൾ അപലപനീയകരമാണെന്ന കാര്യവും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം.’’ -ശർമ ഒലി പറഞ്ഞു. നേപ്പാൾ പാർലമെൻറിൽ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഭൂപടം തീരുമാനിക്കുമ്പോൾ ടിബറ്റിെൻറ കാര്യത്തിൽ ചെയ്ത തെറ്റ് നേപ്പാൾ ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടിബറ്റിൽ എന്താണ് സംഭവിച്ചതെന്ന കാര്യവും പ്രത്യാഘാതങ്ങളെ കുറിച്ചും നേപ്പാൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്കാരപരമായും ചരിത്രപരമായും പൗരാണികപരമായും നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇന്ത്യയും നേപ്പാളും തമ്മിൽ ബന്ധമുണ്ട്. ഒറ്റ ആത്മാവുള്ള രണ്ട് രഷ്ട്രീയ സത്തകളാണ് ഇവയെന്ന കാര്യം നേപ്പാൾ ഓർക്കണമെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്തോ-ടിബറ്റൻ അതിർത്തിയിൽ ലിപുലേഖിലേക്ക് ഇന്ത്യ 80 കിലോമീറ്റർ നീളമുള്ള റോഡ് നിർമിക്കുന്നതിനെതിരെ കഴിഞ്ഞ മാസം നേപ്പാൾ പ്രതിഷേധിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നം തുടങ്ങുന്നത്. ലിപുലേഖ് മേഖലക്ക് നേപ്പാൾ അവകാശവാദമുന്നയിക്കുകയും ഒലി സർക്കാർ ലിപുലേഖ് ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ ഭൂപടത്തിന് നിയമസാധുത നൽകുന്നതിനുള്ള ഭരണഘടന ഭേദഗതി നേപ്പാൾ പാർലമെൻറിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഒറ്റക്കെട്ടായി പാസാക്കുകയും ചെയ്തിരുന്നു.
1960കളുടെ തുടക്കം മുതൽ തന്നെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ മേഖലകളിൽ ഇന്ത്യ സേനയെ വിന്യസിച്ചു വരുന്നുണ്ടെന്നും എന്നാൽ ഈ മേഖല നേപ്പാളിൽ ഉൾപ്പെടുന്നതാണെന്നും ഇന്ത്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് ഒലി പറഞ്ഞു. അതിർത്തി തർക്കം തീർക്കാൻ ചർച്ചയാവാമെന്ന വാഗ്ദാനം ഒലി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.