ഇസ്ലാമാബാദ്: ചൈനയുടെ സഹായത്തോടെ 2022ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയുമായി പാകിസ്താൻ. വാര്‍ത്തവിനിമയ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും 2022ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാൻ പദ്ധതിയിട്ടിരിക്കയാണ്.
പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയതായും ചൗധരി അറിയിച്ചു. പാകിസ്താൻ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമീഷനും ചൈനീസ് കമ്പനിയും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുവെന്നും ഫവാദ് പറഞ്ഞു. പ്രധാനമന്ത്രിപദത്തിലേറിയതിന് ശേഷമുള്ള ഇംറാൻ ഖാെൻറ പ്രഥമ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.
അമേരിക്കക്കും റഷ്യക്കും ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന. 2003ലാണ് ചൈന ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചത്. ഈ വർഷം ആദ്യം രണ്ട് പാക് നിര്‍മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിലെ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നുമായിരുന്നു വിക്ഷേപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.