റാമല്ല: ഇസ്രായേലിനുള്ള അംഗീകാരം പുനഃപരിശോധിക്കാൻ ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ (പി.എൽ.ഒ) ആലോചന. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി പ്രകാരമുള്ള ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാത്തിടത്തോളം ഇസ്രായേലിനെ അംഗീകരിക്കേണ്ടതില്ലെന്നാണ് പി.എൽ.ഒ കേന്ദ്ര കമ്മിറ്റിയുടെ നിർേദശം.
വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ ചേർന്ന പി.എൽ.ഒ കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ നിർവാഹക സമിതിയെ ചുമതലപ്പെടുത്തി.
കിഴക്കൻ ജറൂസലം ഇസ്രായേലിനോട് ചേർക്കാനും അവിടെ കൂടുതൽ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനുമുള്ള ഇസ്രായേലിെൻറ നീക്കം കടുത്ത അനീതിയാണെന്നും ഇസ്രായേലിെൻറ ഏകപക്ഷീയമായ ഇത്തരം നടപടികൾ മൂലം ഒാസ്ലോ കരാർ ദുർബലപ്പെട്ടിരിക്കുന്നതായും യോഗം വിലയിരുത്തി.
ഫലസ്തീനിലെ സുരക്ഷ സംവിധാനങ്ങൾക്കായി ഇസ്രായേലുമായി സഹകരിക്കുന്നതിൽനിന്ന് ഫലസ്തീൻ പിന്മാറുകയാണെന്നും േയാഗം അറിയിച്ചു. ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കുകയും എംബസി അങ്ങോട്ട് മാറ്റുകയും ചെയ്യുന്ന ഏത് രാജ്യവുമായുമുള്ള ബന്ധം വേർപെടുത്താൻ എല്ലാ അറബ് രാജ്യങ്ങളും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കുകയാണെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിെൻറയും നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിെൻറ ഭാഗമായ കിഴക്കൻ ജറൂസലമിൽ കൂടുതൽ കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ഇസ്രായേലിെൻറ നീക്കത്തിെൻറയും പശ്ചാത്തലത്തിലാണ് പി.എൽ.ഒ കേന്ദ്ര സമിതി പ്രത്യേക യോഗം ചേർന്നത്.
ട്രംപിെൻറ പുതിയ തീരുമാനത്തോടെ അമേരിക്കയുടെ നിലപാടുമാറ്റം പൂർണമായിരിക്കുകയാണെന്നും െഎക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പുതിയ പരിഹാര നിർദേശങ്ങൾക്കാണ് തങ്ങൾ ഇനി കാതോർക്കുകയെന്നും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.