കോക്സ് ബസാർ: ക്രൂരമായ വംശീയാതിക്രമങ്ങളിലൂടെ സ്വന്തംമണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യൻ വംശജരിൽ ചിലർ ആശങ്കയുടെ നടുക്കടലിലൂടെ മടക്കത്തിനൊരുങ്ങുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരിൽ 2000 റോഹിങ്ക്യകളെ നവംബറോടെ തിരികെ വിളിക്കുമെന്ന് മുതിർന്ന മ്യാന്മർ ഉദ്യോഗസ്ഥൻ അറിയിച്ചതോടെയാണിത്. അതേസമയം, മടങ്ങിവരുന്നവരുടെ സുരക്ഷെയക്കുറിച്ച് ആഗോള തലത്തിൽതന്നെ ആശങ്കകളും പ്രതിഷേധങ്ങളും നിലനിൽക്കുകയാണ്.
മടക്കത്തിനു മുമ്പുതന്നെ എല്ലാ അവകാശങ്ങളോടെയുമുള്ള മ്യാന്മർ പൗരത്വം നൽകണമെന്നാണ് റോഹിങ്ക്യകൾ ആവർത്തിച്ച് ആവശ്യപ്പെടുന്ന കാര്യം. എന്നാൽ, ഇതംഗീകരിക്കാത്ത സാഹചര്യത്തിലുള്ള മടക്കത്തിൽ ഇവർ കടുത്ത ആശങ്കയിലാണ്. ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ തയാറാവാത്തപക്ഷം മടങ്ങില്ലെന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ കിടന്ന് മരിക്കാനാണ് തീരുമാനമെന്നും പ്രതിനിധികൾ പറയുന്നു.
ബലാത്സംഗവും കൊള്ളയും തീവെപ്പും എല്ലാം അനുഭവിച്ചവരുടെ പൊള്ളുന്ന വാക്കുകളാണിത്. യുദ്ധക്കുറ്റമായി കണക്കാക്കി മുതിർന്ന പട്ടാള നേതാക്കളെ വിചാരണ ചെയ്യണമെന്ന അന്തർദേശീയ അന്വേഷണ സംഘത്തിെൻറ ആവശ്യം മ്യാന്മർ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാന്മറിൽ സൈന്യത്തിെൻറ വംശീയാക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 7,20,000 റോഹിങ്ക്യകൾ ബംഗ്ലാദേശിൽ അഭയം തേടിയതായാണ് കണക്ക്.
തിരിച്ചുവിളിക്കാൻ തീരുമാനിച്ച കാര്യം അഭയാർഥികളുമായി സംസാരിക്കുന്നതിന് മ്യാന്മർ വിദേശകാര്യ സെക്രട്ടറി മിൻറ് തൂ ‘കോസ്ക് ബസാറി’ലെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശ് അയച്ചുകൊടുത്ത 8032 പേരുടെ പട്ടികയിൽ 5000 പേരെക്കുറിച്ച് പരിശോധിച്ചതായി മയിൻറ് തൂ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 2000 പേരെ അയക്കുമെന്നാണ് പറയുന്നത്. ഇൗ ആഴ്ച 24,342 പേരടങ്ങുന്ന പട്ടികകൂടി കൈമാറുമെന്ന് ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.