അഴിമതി: ദക്ഷിണ കൊറിയ പ്രസിഡന്‍റിന് പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍

സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാറിനെ ഗ്രസിച്ച അഴിമതി വിവാദത്തില്‍  പ്രസിഡന്‍റ് പാര്‍ക് ജി-യോണിന് മുഖ്യപങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍. പാര്‍കിനെതിരെ കേസെടുത്തിട്ടില്ളെന്നും എന്നാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും മുഖ്യ പ്രോസിക്യൂട്ടര്‍ ലീ യങ് യോള്‍ വ്യക്തമാക്കി.
  അതേസമയം രാഷ്ട്രീയ ലക്ഷ്യംവെച്ച് കെട്ടുകഥകള്‍ ചമക്കുകയാണ് പ്രോസിക്യൂട്ടറെന്ന് പാര്‍കിന്‍െറ അഭിഭാഷകന്‍ ആരോപിച്ചു. പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാര്‍കിന്‍െറ വക്താവ് ജുങ് യോന്‍ കുക്കും പ്രതികരിച്ചു. നേരത്തേ അന്വേഷണവുമായി സഹകരിക്കുമെന്നാണ് പാര്‍ക് അറിയിച്ചിരുന്നത്. എന്നാല്‍, പാര്‍ക് പ്രോസിക്യൂട്ടര്‍മാരുടെ മുമ്പാകെ ഹാജരാകില്ളെന്ന് അഭിഭാഷകന്‍ അറിയിച്ചു. രാജ്യത്തെ ഭരണഘടനയനുസരിച്ച് രാജ്യദ്രോഹക്കുറ്റം, കലാപം എന്നീ കേസുകളിലൊഴികെ അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ അനുവാദമില്ല.
എന്നാല്‍, അഴിമതിക്കേസില്‍ പാര്‍കിനെതിരെ അന്വേഷണം തുടരാനാണ് സംഘത്തിന്‍െറ തീരുമാനം.  പ്രസിഡന്‍റുമായുള്ള അടുപ്പം മുതലെടുത്ത് സര്‍ക്കാറിന്‍െറ തന്ത്രപ്രധാന ഒൗദ്യോഗികരേഖകള്‍ പരിശോധിക്കുകയും സന്നദ്ധ സംഘടന വഴി അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്ത  ബാല്യകാല സുഹൃത്ത് ചോയി സൂന്‍ സില്ലാണ് വിവാദത്തിലെ നായിക. ചോയി സില്ലിനെയും  പ്രസിഡന്‍റിന്‍െറ മുന്‍ സഹായികളെയും ഈ മാസാദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ്, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഉറ്റ സുഹൃത്തിന് സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്താനും അനധികൃത പണം സമ്പാദിക്കാനും കൂട്ടുനിന്നുവെന്നാണ് പ്രസിഡന്‍റിനെതിരെ ഉയര്‍ന്ന ആരോപണം. സഹായികളിലൊരാളോട് ഒൗദ്യോഗിക പദവിയിലില്ലാത്ത ചോയിക്ക് രേഖകള്‍ നല്‍കാന്‍ പാര്‍ക് ആവശ്യപ്പെടുകയായിരുന്നു.  ‘ചോയ് ഗേറ്റ്’ എന്ന പേരിലാണ് വിവാദം അറിയപ്പെടുന്നത്.
സാംസങ്, ഹ്യുണ്ടായി ഉള്‍പ്പെടെ നിരവധി കമ്പനികളില്‍നിന്ന് 6.5 കോടി ഡോളറാണ് ചോയ് അനധികൃതമായി സമ്പാദിച്ചത്. പാര്‍കിന്‍െറ രാജിക്കായി ജനലക്ഷങ്ങള്‍ തെരുവില്‍ പ്രക്ഷോഭം തുടരുകയാണ്.

Tags:    
News Summary - S Korea president Park Geun-hye 'had role' in scandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.