കൊളംബോ: ശ്രീലങ്കൻ പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് നളിൻ പെരേരയടങ്ങിയ മൂന്നംഗ ബെഞ്ചിേൻറതാണ് വിധി. ഇൗമാസം ഒമ്പതിന് പാർലമെൻറ് പിരിച്ചുവിട്ട സിരിസേനയുടെ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട 13 ഹരജികളിലും അനുകൂലിച്ചുള്ള അഞ്ച് ഹരജികളിലും രണ്ടു ദിവസം വാദംകേട്ട ശേഷമാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിഴ് നാഷനൽ അലയൻസ്, ഇടതു പാർട്ടികൾ എന്നിവ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. പ്രസിഡൻറിെൻറ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു പാർലമെൻറിൽ ഭൂരിപക്ഷം വരുന്ന ഇൗ പാർട്ടികളുടെ ആവശ്യം.
ഒക്ടോബർ 26നാണ് പ്രസിഡൻറ് സിരിസേന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സയെ തൽസ്ഥാനത്ത് നിയമിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്. പാർലമെൻറ് വിളിച്ചുചേർത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ പ്രസിഡൻറിനു മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമായിരുന്നു. ഇൗ ഘട്ടത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സിരിസേന പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് സുപ്രീംകോടതി റദ്ദാക്കിയത് സിരിസേനക്കും രാജപക്സക്കും കനത്ത തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.