പാലു (ഇന്തോനേഷ്യ): ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയെ തകർത്തെറിഞ്ഞ സൂനാമിയിൽ മരിച്ചവരുടെ എണ്ണം കൂടുന്നതിനിടെ പുതിയ വെല്ലുവിളിയായി രക്ഷപ്പെട്ടവരുടെ കൂട്ടപലായനവും. കെട്ടിടങ്ങൾ തകരുകയും ഭക്ഷ്യവസ്തുക്കൾ കിട്ടാക്കനിയാവുകയും ചെയ്തതോടെയാണ് ദുരിതബാധിത മേഖലകളിൽനിന്ന് ആയിരങ്ങൾ നാടുവിടുന്നത്. രക്ഷാപ്രവർത്തനത്തിന് വേഗം നൽകാൻ ഏറെ വൈകിയാണെങ്കിലും ഇന്തോനേഷ്യൻ സർക്കാർ വിദേശ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് സുലാവെസി ദ്വീപിനെ മുക്കി 20 അടി ഉയരത്തിൽ സൂനാമിയെത്തിയത്. മൂന്നുതവണ ആഞ്ഞടിച്ച കൂറ്റൻ തിരമാലകളിൽ ആയിരക്കണക്കിന് വീടുകളും ഷോപ്പിങ് മാളുകളും പള്ളികളുമുൾപ്പെടെ നിലംപൊത്തി. ഇതോടൊപ്പമുണ്ടായ മണ്ണിടിച്ചിലിലും ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇതുവരെ 840 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
സുലാവെസി ദ്വീപിെൻറ തലസ്ഥാനവും വളർന്നുവരുന്ന വിനോദസഞ്ചാരകേന്ദ്രവുമായ പാലു പട്ടണത്തിൽനിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്- 800ലേറെ പേർ. പശ്ചിമ പാലു, പെടോബോ എന്നിവിടങ്ങളിൽ മാത്രം ആയിരങ്ങൾ മരിച്ചതായാണ് അധികൃതരുടെ ആശങ്ക. ഇവിടങ്ങളിൽ ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. പാലുവിലെ മൂന്നു ലക്ഷം ജനസംഖ്യയിൽ ഏറെ പേരും ദുരിതബാധിതരാണ്. പ്രശസ്തമായ ഒരു ഹോട്ടലിനടിയിൽ മാത്രം 60ലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
സൂനാമി ആദ്യം ആഞ്ഞടിച്ച ഡോംഗലയിൽ സമാനമായി വൻദുരന്തം സംഭവിച്ചതായി രക്ഷാപ്രവർത്തകർ ഭയക്കുന്നു. ഇവിടെയും കാര്യമായ രക്ഷാപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. ഭൂചലനത്തോടെ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നത് പുനഃസ്ഥാപിക്കാനുമായിട്ടില്ല. മേഖലയിലെ വൻദുരന്തം നേരിടാൻ രാജ്യാന്തര സമൂഹത്തിെൻറ സഹായം ഇന്തോനേഷ്യ തേടിയിട്ടുണ്ട്. മരുന്നുകൾ തീർന്നുതുടങ്ങിയതും ഇന്ധനക്ഷാമവും ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ സംവിധാനമില്ലാത്തതുമുൾപ്പെടെ പ്രശ്നങ്ങൾ സുലാവെസിയെ പിടിച്ചുലക്കുകയാണ്.
മുടന്തിനീങ്ങുന്ന രക്ഷാപ്രവർത്തനം
കെട്ടിടങ്ങളും റോഡുകളും തകരുകയും ചളി കലർന്ന വെള്ളം പ്രദേശത്തുടനീളം യാത്ര ദുസ്സഹമാക്കുകയും ചെയ്തത് ഏറ്റവും കൂടുതൽ ബാധിച്ചത് രക്ഷാപ്രവർത്തനത്തെയാണ്. ഏഴുനില കെട്ടിടമുൾപ്പെടെ തകർന്നുവീണിട്ടും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറിനായിട്ടില്ല. ശക്തികൂടിയ യന്ത്രങ്ങളും വാഹനങ്ങളും പ്രദേശത്ത് എത്തിക്കാത്തതിനാൽ കൈകൊണ്ടുള്ള സഹായം മാത്രമാണ് സാധ്യമാകുന്നത്. ഇത് നൂറുകണക്കിന് പേരുടെ മരണത്തിന് കാരണമായതായി രക്ഷാപ്രവർത്തകർ ആരോപിക്കുന്നു.
1700 വീടുകൾ തകർന്ന പാലുവിലെ ബാലറോവയിൽനിന്ന് തിങ്കളാഴ്ച ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. എത്ര പേർ മരിച്ചുവെന്നതിന് കണക്കില്ലെന്നും നൂറുകണക്കിന് പേർ ഉണ്ടാകുമെന്ന് ഭയക്കുന്നതായും ദേശീയ ദുരന്തനിവാരണ സമിതി മേധാവി സുടോപു പുർവോ പറഞ്ഞു.
നിശ്ചലമായ മുന്നറിയിപ്പ് സംവിധാനം
2004ലെ സൂനാമി രാജ്യത്ത് വൻദുരന്തം വിതച്ചതിനു പിന്നാലെയൊരുക്കിയ സൂനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നുപോലും പ്രവർത്തിക്കാതിരുന്നതാണ് ദുരന്തവ്യാപ്തി വർധിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. ഭൂചലനമുണ്ടായ ഉടൻ സൂനാമി മുന്നറിയിപ്പ് നൽകിയ സർക്കാർ 34 മിനിറ്റ് കഴിഞ്ഞ് ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിക്കാനാവാത്തതാണ് മുന്നറിയിപ്പ് സംവിധാനം തകർത്തതെന്നാണ് സൂചന.
വൻ സൂനാമി എന്തുകൊണ്ട്? ഉത്തരമില്ലാതെ ശാസ്ത്രജ്ഞർ
റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയെ തകർത്ത വൻ സൂനാമിയായി രൂപംപ്രാപിച്ചതിൽ അതിശയം കൂറി ശാസ്ത്രജ്ഞർ. സമാനമായ ഭൂകമ്പം സൂനാമിക്ക് കാരണമാകാമെങ്കിലും 18 അടി ഉയരത്തിൽ തിരമാല തീർത്തതും വൻ നാശംവിതച്ചതും അസാധാരണമാണെന്ന് കാലിഫോർണിയയിലെ ഹംബോൾട്ട് സ്റ്റേറ്റ് സർവകലാശാല ഭൂഗർഭ ശാസ്ത്രജ്ഞൻ ജാസൺ പാറ്റൺ പറഞ്ഞു.
പാലു പട്ടണത്തിൽനിന്ന് 80 കിലോമീറ്റർ മാറിയായിരുന്നു ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം. 30 മിനിറ്റിനകമാണ് വൻ തിരമാല ഒന്നിനു പിറകെ ഒന്നായി എത്തിയത്. 2004ൽ 9.1 രേഖപ്പെടുത്തിയ സുമാത്ര ഭൂകമ്പത്തിനു പിറകെയുണ്ടായ സൂനാമിയിൽ 100 അടി വരെ ഉയരത്തിൽ തിരമാല ഉയർന്നിരുന്നു. ഇത്തവണ പക്ഷേ, അത്രയുണ്ടായില്ലെങ്കിലും സുലവേസിയിൽ നാശനഷ്ടങ്ങൾ അതിഭീകരമാണ്.
അവസാന യാത്രയൊരുക്കി പാലുവിലെ കൂട്ടക്കുഴിമാടം
ജകാർത്ത: നൂറുകണക്കിന് പേരെ നഷ്ടപ്പെട്ട പാലു പട്ടണത്തിൽ മരിച്ചവരെ അടക്കാൻ ഒരുക്കിയത് കൂട്ടക്കുഴിമാടം. 100 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമായി പാലുവിലെ കുന്നിൻമുകളിലാണ് വൻ കുഴിമാടം തീർത്തത്. 300 മൃതദേഹങ്ങൾ അടക്കാനായി നിർമാണം തുടങ്ങിയത് പിന്നീട് 1300 പേർക്കായി വിപുലീകരിക്കുകയായിരുന്നു.
പട്ടണത്തിൽ ആയിരങ്ങൾ മരിച്ചതായാണ് സൂചന. 800ലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആശുപത്രിയിൽ മാത്രം 500ലേറെ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലാണ്. ഇവ മലമുകളിലെത്തിച്ച് സംസ്കരിക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്.
തകർന്നത് മൂന്നു ജയിലുകൾ; 1200 തടവുകാർ രക്ഷപ്പെട്ടു
ജകാർത്ത: സൂനാമി ദുരിതം വിതച്ച സുലവേസി ദ്വീപിെൻറ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ച മൂന്നു ജയിലുകൾ വൻ ഭൂകമ്പത്തിലും പിന്നീടുണ്ടായ സൂനാമിയിലും തകർന്നതായി സർക്കാർ. തലസ്ഥാന നഗരമായ പാലുവിലെ രണ്ടും ഡോംഗലയിലെ ഒന്നും ജയിലുകളിൽനിന്നാണ് തടവുകാർ ഒാടിരക്ഷപ്പെട്ടത്.
പാലു പട്ടണത്തിലെ ഒരു ജയിലിൽ 581 പേർ തടവിൽ കഴിഞ്ഞതിലേറെയും രക്ഷപ്പെട്ടിട്ടുണ്ട്. ചുറ്റുമതിൽ തകർന്നതാണ് തടവുകാർക്ക് അനുഗ്രഹമായത്. രണ്ടാമത്തേതിെൻറ മുഖ്യകവാടം തകർത്താണ് പുറത്തുചാടിയത്. ഡോംഗലയിൽ 343 പേർ തടവിൽ കഴിഞ്ഞ ജയിൽ ഇന്ന് ശൂന്യമാണ്.
സൂനാമി ഏറെ നാശംവിതച്ച ഡോംഗലയിൽ കുടുംബങ്ങളെ കാണാൻ വിടണമെന്ന ആവശ്യം പാറാവുകാർ തള്ളിയതോടെ തടവുകാർ ജയിലിന് തീയിടുകയായിരുന്നു. പാലുവിൽ 100ൽ താഴെ പേർ മാത്രം ഇപ്പോഴും ജയിലിലുണ്ട്.
ഭീതിവിതച്ച് ദുരന്തഭൂമികളുടെ ദ്രവീകരണം
ജകാർത്ത: സുലവേസിയിൽ കൂറ്റൻ തിരമാലകളിൽ വെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ പുതുതായി കണ്ടെത്തിയ പ്രതിഭാസം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. മണ്ണുചേർന്ന വെള്ളം കെട്ടിക്കിടന്ന് ക്രമേണ പ്രദേശം വെള്ളം പോലെ ഒഴുകിമാറുന്നതും താഴ്ന്നുപോകുന്നതുംമൂലം കെട്ടിടങ്ങൾ വ്യാപകമായി നിലംപൊത്തുന്നതാണ് ആശങ്കയുണർത്തുന്നത്.
മുകൾപ്പരപ്പിലെ മണ്ണിന് ശക്തിനഷ്ടപ്പെടുന്നതാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുേമ്പാഴും പ്രദേശങ്ങളിൽ താമസം ഇനി സാധ്യമാകുമോ എന്നാണ് ആശങ്ക. നിരവധി കെട്ടിടങ്ങൾ ഇൗ പ്രതിഭാസംമൂലം തകർന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.