ഡമസ്കസ്: സിറിയയിൽ വീണ്ടും ആക്രമണത്തിന് സന്നദ്ധമാണെന്ന യു.എസ് മുന്നറിയിപ്പിനെതിരെ ശക്തമായ താക്കീതുമായി റഷ്യ. അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ച് സിറിയൻ മണ്ണിൽ ആക്രമണം നടത്തിയ യു.എസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി യു.എന്നിലെ റഷ്യൻ അംബാസഡർ വ്ലാദിമിർ സഫ്രാൻകോവ് പറഞ്ഞു. ആക്രമണം തുടർന്നാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ആക്രമണത്തെ ന്യായീകരിച്ച യു.എന്നിലെ യു.എസ് അംബാസഡർ നിക്കിഹാലിയുടെ പ്രതികരണത്തിനു മറുപടിയായാണ് സഫ്രാൻകോവിെൻറ പ്രതികരണം.
സിറിയയിലെ അമേരിക്കൻ സൈനികനടപടി ചര്‍ച്ചചെയ്യാൻ ചേർന്ന അടിയന്തര രക്ഷാസമിതി യോഗത്തിലായിരുന്നു നിക്കി ഹാലിയുടെ പ്രസ്താവന. കൂടുതൽ ആക്രമണം നടത്താൻ വാഷിങ്ടൺ തയാറാണെന്നായിരുന്നു നിക്കിയുടെ പ്രഖ്യാപനം. സിറിയയിലെ സൈനിക ഇടപെടൽ ശരിയാണ്. നിയന്ത്രിതമായ ആക്രമണമാണ് ഞങ്ങൾ കഴിഞ്ഞദിവസം നടത്തിയത്. കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്ക സന്നദ്ധമാണെങ്കിലും അതിെൻറ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.
ആറുവർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടത്. അതിനുള്ള സമയമാണിത്. റഷ്യ ഉത്തരവാദിത്തത്തോടെ സിറിയൻ വിഷയത്തിൽ ഇടപെടുന്നതിനായാണ് ലോകം കാത്തിരിക്കുന്നത്. ബശ്ശാറിനു നൽകിയ പിന്തുണ അവസാനിപ്പിച്ച് റഷ്യ പുനരാലോചനക്ക് തയാറാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ബശ്ശാർ അൽഅസദ് ഇനിയൊരിക്കലും രാസായുധം പ്രയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിക്കി ആവശ്യപ്പെട്ടു. റഷ്യയുടെ പ്രതികരണം നിരാശാജനകമാണെന്നും അവർ അത്തരം പ്രസ്താവന നടത്തിയതിൽ അദ്ഭുതപ്പെടുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ അറിയിച്ചു.
സ്വന്തം ജനതയെ കൊല്ലാക്കൊല ചെയ്യുന്ന ബശ്ശാർ ഭരണകൂടെത്ത റഷ്യ തുടർന്നും പിന്തുണക്കുമെന്നതിെൻറ വ്യക്തമായ സൂചനയാണിത്. ഇറാനും റഷ്യയും ബശ്ശാറിന് പിന്തുണ നൽകുകയാണെങ്കിൽ സിറിയ കൂടുതൽ നാശത്തിലേക്ക് നീങ്ങുമെന്നും ടില്ലേഴ്സൻ മുന്നറിയിപ്പുനൽകി. സിവിലിയന്മാർക്കുനേരെ രാസായുധം പ്രയോഗിച്ച ബശ്ശാർ ഭരണകൂടത്തിനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ട്രഷറി െസക്രട്ടറി സ്റ്റീവ് നുഷിൻ വ്യക്തമാക്കി.
ഇദ്‍ലിബിൽ സിറിയൻ സര്‍ക്കാര്‍ രാസായുധാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് യു.എസ് കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ യു.എസ്.എസ് റോസ്, യു.എസ്.എസ് പോർട്ടർ എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് 59 ടൊമാഹോക് ക്രൂസ് മിസൈലുകളാണ് ശെയ്റാത്തിലുള്ള വ്യോമതാവളത്തിലേക്ക് യു.എസ് തൊടുത്തത്.
അതിനിടെ,യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന വീണ്ടും വ്യോമാക്രമണം നടത്തിയതായി സിറിയ. ആക്രമണത്തിൽ റഖയിലെ ഗ്രാമത്തിൽ നാലു കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടുവെന്നും സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ആക്രമണത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.