ബന്ദ ആച്ചെ: 15 വർഷം മുമ്പ് ക്രിസ്മസിനു പിറ്റേന്ന് ആഞ്ഞടിച്ച സൂനാമിത്തിരയിൽ ജീവിതം കീഴ്മേൽ മറിഞ്ഞതിെൻറ ഓർമകളിലായിരുന്നു വ്യാഴാഴ്ച ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യ. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ ഉറ്റവർ പൊലിഞ്ഞതിെൻറയും നാടാകെ തകർന്നുപോയതിെൻറയും നോവ് ഇന്നും അവരെ വിട്ടുപോയിട്ടില്ല. 47,000 പേർ മരിച്ച ആച്ചെ ബേസർ ജില്ലയിൽ ബന്ധുക്കളുടെ നേതൃത്വത്തിൽ പ്രാർഥനകൾ നടന്നു. തെൻറ ചെറിയ മകളുടെ നഷ്ടം വേട്ടയാടുന്നതിനാലാണ് എല്ലാ വർഷവും താനിവിടെ വരുന്നതെന്ന് പ്രാർഥന ചടങ്ങിനെത്തിയ 65കാരിയായ നൂർ ഹയാത്തി പറഞ്ഞു. 17കാരിയായ തെൻറ ഏറ്റവും ചെറിയ മകൾ കോളജ് പഠനം തുടങ്ങിയ സന്ദർഭത്തിലാണ് സൂനാമിത്തിരയിൽ ആണ്ടുപോയതെന്ന് അവർ കണ്ണീരോടെ പറഞ്ഞു. 15 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കടൽ നേരിലോ ടി.വിയിലോ കണ്ടാൽ വലിയൊരു തിര ഉടൻ ആഞ്ഞടിച്ചേക്കുമെന്ന ഭീതി തെന്ന വേട്ടയാടുന്നതായും അവർ പറഞ്ഞു.
സൂനാമി നടക്കുേമ്പാൾ 13കാരനായിരുന്ന മുഹമ്മദ് ഇക്റാമുല്ലക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയുമാണ് നഷ്ടമായത്. ബന്ധുക്കളുടെയും മാതാപിതാക്കളുടെ സുഹൃത്തുക്കളുടെയും വീടുകളിലായാണ് വർഷങ്ങളോളം ജീവിച്ചത്. ഇന്നും അതിെൻറ ഭീതി തന്നെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് 28കാരനായ ഇക്റാമുല്ല പറഞ്ഞു. ഉറ്റവരുടെ മൃതദേഹംപോലും ഇയാൾക്ക് ബാക്കിയില്ല. എങ്കിലും സൂനാമി ഇരകളെ ഒന്നിച്ച് മറവുചെയ്ത ഖബർസ്ഥാനിലെത്തി പ്രിയപ്പെട്ടവർക്കുള്ള പ്രാർഥനയിൽ പങ്കുചേരാറുണ്ടെന്നും ഇക്റാമുല്ല പറഞ്ഞു. തെൻറ മാതാവിനെ എവിടെയാണ് മറവുചെയ്തത് എന്നറിയില്ലെന്നാണ് ജോണി ചിന എന്നയാൾ പറഞ്ഞത്. എങ്കിലും താനിവിടെ വരാറുണ്ടെന്നും അതോടെ മാതാവിനോട് അടുത്തുനിൽക്കുന്നതായി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1.70 ലക്ഷം പേരാണ് ആച്ചെ പ്രവിശ്യയിൽ കൊല്ലപ്പെട്ടത്. 2004 ഡിസംബർ 26ന് 9.1 തീവ്രതയിൽ കടലിനടിയിലുണ്ടായ ഭൂകമ്പമാണ് സൂനാമിത്തിരകൾക്ക് കാരണമായത്. ആച്ചെ പ്രവിശ്യക്കു പുറമെ ഇന്ത്യൻ മഹാസമുദ്രതീരത്ത് ആഞ്ഞടിച്ച തിരയിൽ സോമാലിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി അരലക്ഷം പേരാണ് മരിച്ചത്. അഞ്ചു ലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു. അതേസമയം, ഇപ്പോഴും അപകടത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. 2018ൽ പുതുതായി നിർമിക്കുന്ന ഹൗസിങ് കോംപ്ലക്സിൽനിന്ന് ഒരു ഡസനോളം പേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇതിനു പുറമെ സൂനാമി ഭീഷണി ഇപ്പോഴും ഇന്തോനേഷ്യ നേരിടുന്നുണ്ട്.
കഴിഞ്ഞ വർഷം അഗ്നിപർവതഭൂകമ്പത്തെ തുടർന്നുണ്ടായ സൂനാമിയിൽ ബന്ദൻ പ്രവിശ്യയിൽ 500ഓളം പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.