ഡമസ്കസ്: വടക്കൻ സിറിയയിൽ കുർദുകൾക്കു നേരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ തുർക്കിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് യു.എസ്. മേഖലയിൽ വെടിനിർത്തലിനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. അനുരഞ്ജന ചർച്ചകൾക്കായി വൈസ് പ്രസിഡൻറ് മൈക് പെൻസിനെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയോണിനെയും തുർക്കിയിക്കേ് അയക്കുമെന്നും ട്രംപ് അറിയിച്ചു.
സിറിയയിലെ സമാധാനത്തിനും സുരക്ഷക്കും തടസ്സം നിൽക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും തുർക്കി സർക്കാറുമായി സഹകരിക്കുന്നവരുമാണ് ഉപരോധത്തിെൻറ പരിധിയിൽ വരുക. ഉരുക്കിെൻറ ഇറക്കുമതി തീരുവ 50 ശതമായി വർധിപ്പിക്കുമെന്നും തുർക്കിയുമായി ധാരണയിലെത്തിയിരുന്ന 10,000കോടി ഡോളറിെൻറ വ്യാപാര ചർച്ചയിൽനിന്ന് പിന്മാറുന്നതായും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തുർക്കിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രതിരോധ, ഊർജ മന്ത്രിമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകാർ, ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്ലു, ഊർജമന്ത്രി ഫാതിഹ് ദൊൻമേസ് എന്നിവരെ യു.എസ് ട്രഷറി വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. യു.എസിലുള്ള ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും പണമിടപാടുകൾ റദ്ദാക്കുകയും ചെയ്തു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധവുമായി മുന്നോട്ടുപോകുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് കുർദിഷ് പോരാളികൾക്കെതിരെ തുർക്കി അതിർത്തി കടന്നുള്ള ആക്രമണം തുടങ്ങിയത്. ഐ.എസിനെതിരായ പോരാട്ടത്തിൽ കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ (എസ്.ഡി.എഫ്) സഹായിച്ചിരുന്ന യു.എസ് പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് തുർക്കി ആക്രമണം കടുപ്പിച്ചത്. സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിെൻറ തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാരുൾപ്പെടെ രംഗത്തുവന്നിരുന്നു. അതേസമയം, സിറിയയിൽനിന്ന് കുർദുകളെ സമ്പൂർണമായി തുരത്തുകയാണ് ലക്ഷ്യമെന്നും അതു നേടുന്നതുവരെ ആക്രമണം തുടരുമെന്നും ഉർദുഗാൻ പ്രതികരിച്ചു. നാല് കുർദിഷ് മേയർമാരെ തുർക്കി അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഉപരോധം അവഗണിച്ച് അതിർത്തിനഗരത്തിൽ തുർക്കി കുർദുകൾക്കെതിരെ ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.