െബെറൂത്: സിറിയയെ കൂടുതൽ അരക്ഷിതമാക്കുന്ന പുതിയ നീക്കവുമായി അമേരിക്ക നേതൃത്വം നൽകുന്ന സഖ്യസൈന്യം. കരുത്തുചോർന്ന വിമത മിലീഷ്യകളുമായി ചേർന്ന് അതിർത്തി കാക്കാനെന്ന പേരിൽ 30,000 പേരെ റിക്രൂട്ട് ചെയ്യാൻ യു.എസ് തീരുമാനമെടുത്തതിനു പിന്നാലെയാണ് സിറിയയിൽ പുതിയ പോർമുഖം തുറക്കുന്നത്. യു.എസ് നീക്കം രാജ്യത്തിെൻറ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് പുതിയ സേന രൂപവത്കരിക്കുകയാണെന്ന് യു.എസ് സഖ്യം പ്രഖ്യാപിച്ചത്. തുർക്കി, ഇറാഖ് രാജ്യങ്ങളുമായി പങ്കിടുന്ന കുർദ് നിയന്ത്രിത അതിർത്തികളിലും യൂഫ്രട്ടീസ് തീരങ്ങളിലുമാണ് സേനയെ വിന്യസിക്കുക. സിറിയയിൽ െഎ.എസ് സ്വാധീനം അവസാനിക്കുന്ന മുറക്ക് രാജ്യത്തുനിന്ന് യു.എസ് സേന മടങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് പ്രഖ്യാപനം.
പുതുതായി രൂപവത്കരിക്കുന്നത് തീവ്രവാദ സേനയാണെന്നും അവരെ ‘മുക്കലാ’ണ് തുർക്കിയുടെ ബാധ്യതയെന്നും പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും പറഞ്ഞു. യു.എസ് നീക്കം തീക്കൊണ്ടുള്ള കളിയാണെന്നും അയൽരാജ്യങ്ങളുമായി ആലോചിക്കാതെയാണ് തീരുമാനമെന്നും തുർക്കി ഉപപ്രധാനമന്ത്രി ബാകിർ ബുസ്ദാഗ് കുറ്റപ്പെടുത്തി.
െഎ.എസിനെ ഇല്ലാതാക്കാൻ വിമതർക്ക് സഹായമെന്ന പേരിൽ ഒബാമ ഭരണകാലത്താണ് സിറിയയിൽ യു.എസ് സൈനിക ‘ഉപദേഷ്ടാക്കൾ’ എത്തുന്നത്. ഇവരുടെ എണ്ണം പിന്നീട് കുത്തനെ ഉയർത്തുകയായിരുന്നു. െഎ.എസ് വിരുദ്ധ നീക്കളിലുപരി സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെതിരായ അട്ടിമറി നീക്കങ്ങൾക്കാണ് യു.എസ് സൈന്യം ശ്രമിച്ചതെന്ന ആക്ഷേപമുയർന്നിരുന്നു.
െഎ.എസ് സ്വാധീനം സിറിയയിലും ഇറാഖിലും അവസാനിച്ചിട്ടും പുതിയ സേനയെ നിയമിക്കുന്നത് മേഖലയിൽ വീണ്ടും അരക്ഷിതത്വം പടർത്താൻ യു.എസ് പദ്ധതിയിടുന്നതിെൻറ ഭാഗമാണെന്ന സംശയത്തിന് ബലമേറുകയാണ്.
പുതിയ സൈന്യത്തിൽ അംഗമാകുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുമെന്ന് സിറിയൻ സർക്കാർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പദ്ധതിക്കെതിരെ റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. സിറിയയെ വിഭജിക്കുന്നതാണ് പുതിയ തീരുമാനമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അതേ സമയം, സിറിയയിലെ റഷ്യൻ, ഇറാൻ സേനകളെ രാജ്യത്ത് നിലനിർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.