ജകാർത്ത: ഇന്തോനേഷ്യൻ പട്ടണമായ പാലുവിൽ ആഞ്ഞടിച്ച സൂനാമിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവോ? സൂനാമിയിൽനിന്ന് രക്ഷപ്പെട്ടവർ പങ്കുവെച്ച കാര്യങ്ങൾ ആണ് ഇതിലേക്ക് സൂചന നൽകുന്നത്. ബീച്ചിനടുത്ത് താമസിക്കുന്ന ദിദിക് വാഹുതി കുർനിയാവാൻസ് എന്നയാളും ഭാര്യക്കും രണ്ടു പെൺമക്കൾക്കുമൊപ്പം ഏതു നിമിഷവും വീടു വിട്ടിറങ്ങാനുള്ള മുന്നറിയിപ്പും കാത്ത് നിൽക്കുകയായിരുന്നു.
എന്നാൽ, അപായസൂചന നൽകുന്ന അലാറം അടിഞ്ഞില്ലെന്ന് ഇവർ പറയുന്നു. ആഞ്ഞടിച്ച സൂനാമിയിൽ വീട് വെള്ളത്താൽമൂടി. നെഞ്ചറ്റം ഉയർന്ന വെള്ളത്തിലൂടെയാണ് ഇവർ അടുത്തുള്ള മൂന്നു നില കെട്ടിടത്തിൽ അഭയം തേടിയത്. അലാറത്തിന് എന്താണ് സംഭവിച്ചതെന്ന് ഇവർക്കറിയില്ല. ഒരുപക്ഷേ, അത് കേടുവന്നിരിക്കാമെന്നും കുർനിയാവാൻ പറയുന്നു.
കൊലയാളിത്തിരമാലയിൽനിന്നു രക്ഷപ്പെട്ട മറ്റു ചിലരും തങ്ങൾ അപായ സൈറൺ കേട്ടില്ലെന്ന് പറയുന്നു. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി അരമണിക്കൂർ കഴിഞ്ഞ് സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് പിൻവലിച്ചു.
2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂചലനത്തെത്തുടർന്ന് ആഞ്ഞടിച്ച സൂനാമിയിൽ 12,0000ത്തിേലറെ ജീവനുകൾ ആണ് പൊലിഞ്ഞത്. ഇത്തവണ സൂനാമി കാര്യമായി ഉണ്ടായ പാലുവിൽ തിരമാല വീശി മിനിറ്റുകൾക്കകംതന്നെ വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും നിലച്ചിരുന്നു.
സ്വാഭാവികമായും സൈറണുകളും എഴുത്തു സന്ദേശങ്ങളുമൊക്കെ നിലച്ചിരിക്കാനാണ് സാധ്യതയെന്നും പൊതുവായ ബോധവത്കരണത്തിലൂടെ മാത്രമേ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നും യു.എൻ ദുരന്ത നിവാരണ ഏജൻസി വക്താവ് ഡെനിസ് മെക് ക്ലീൻ പറഞ്ഞു.
കാണാതായവരുടെ എണ്ണം 5000 കവിഞ്ഞു; ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ
പാലു: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സൂനാമിയിൽ കാണാതായവരുടെ എണ്ണം അയ്യായിരത്തോളമാണെന്ന് കരുതുന്നതായി റിപ്പോർട്ട്. ഇതുവരെയായി 1763 മൃതദേഹങ്ങൾ കണ്ടെടുത്തു. സൂനാമി കൂടുതൽ നാശം വിതച്ച പാലുവിലെ പെേട്ടാബോ, ബലറോവ എന്നിവിടങ്ങളിൽ ആയിരങ്ങളാണ് ഇരകളാക്കപ്പെട്ടത്. പെേട്ടാബോയിലും ബലറോവയിലും മാത്രം അയ്യായിരത്തോളം പേരെ കാണാനില്ലെന്നാണ് ഇവിടത്തെ ഗ്രാമത്തലവന്മാരിൽനിന്ന് ലഭിച്ച വിവരമെന്ന് ഏജൻസി വക്താവ് സതോപോ പുർവോ പറഞ്ഞു.
മണ്ണിടിച്ചിലിലും മറ്റുംപെട്ട് കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലാത്തതിനാൽ കാണാതായവരുടെ എണ്ണം കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇൗമാസം 11 വരെ തിരച്ചിൽ തുടരുമെന്നും പറയുന്നു. പാലുവിലെ ഒരു കൂട്ടം ഗ്രാമങ്ങളെ ഉൾക്കൊള്ളുന്ന പെേട്ടാബോ ശക്തമായ ഭൂകമ്പത്തിലും കൂറ്റൻ തിരമാലയിലും പൂർണമായും നാമാവശേഷമായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ബലറോവയിലാവെട്ട, സർക്കാർ കെട്ടിടങ്ങൾ അടക്കം എല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
പലയിടങ്ങളിലും കുടിവെള്ളവും ഭക്ഷണസാധനങ്ങളും എത്തുന്നില്ല. ഷോപ്പുകളും മറ്റും കൊള്ളയടിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. 82,000ത്തിലേറെ സൈനിക-സിവിൽ രക്ഷാപ്രവർത്തകരും വളൻറിയർമാരുമാണ് സന്നദ്ധസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ, ദുരന്തത്തിൽ റോഡുകൾ തടസ്സപ്പെട്ടതിനാൽ ഒറ്റപ്പെട്ടുപോയ ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ പ്രയാസമനുഭവിക്കുകയാണ്. ഇവർക്ക് വ്യോമമാർഗം മാത്രമേ ഭക്ഷണസഹായം എത്തിച്ചുകൊടുക്കാനാവൂ എന്ന് ലെഫ്റ്റനൻറ് റെയ്നാർഡോ ഏപ്രി പറഞ്ഞു. ഇൗ ഭൂഭാഗങ്ങളിലെ സ്ഥിതിഗതികൾ അതീവ നിരാശജനകമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.