കൊവിഷീൽഡ് നിർമാതാക്കളായ ആസ്ട്രസെനിക്ക കോവിഡ് വാക്സിൻ പിൻവലിക്കുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ വാക്സിൻ പിൻവലിച്ചു. ആഗോളതലത്തിൽ വാക്സിൻ പിൻവലിക്കാൻ ആസ്ട്രസെനിക്ക ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. നേരത്തെ കൊവിഷീൽഡ് വാക്സിൻ അപൂർവമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക കോടതിയിൽ സമ്മതിച്ചിരുന്നു. അതേസമയം, വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് വാക്സിൻ പിൻവലിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആസ്ട്രസെനിക്കയുടെ വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിലാണ് ആസ്ട്രസെനിക്ക കോവിഡ് വാക്സിൻ വിപണിയിലുള്ളത്.
വാക്സിൻ ഇനി നിർമിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് ആസ്ട്രസെനിക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. അതേസമയം, വാക്സിൻ ഉപയോഗിച്ചാലുണ്ടാവുന്ന ഗുരുതര പാർശ്വഫലങ്ങൾ കൊണ്ടല്ല ഇത് പിൻവലിക്കുന്നതെന്നും ആസ്ട്രസെനിക്ക വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ പിൻവലിക്കാനുണ്ടായ കാരണത്തെ കുറിച്ച് ആസ്ട്രസെനിക്ക കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വാക്സിന്റെ മാർക്കറ്റിങ് അംഗീകാരം ആസ്ട്രസെനിക്ക പിൻവലിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ വാക്സിൻ ഉപയോഗിക്കില്ല. മാർച്ച് അഞ്ചിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ ആസ്ട്രസെനിക്ക സമർപ്പിച്ചിട്ടുണ്ട്.
യു.കെയിലും വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ കമ്പനി നൽകി. വക്സസെവ്രിയ എന്ന പേരിലാണ് യു.കെയിൽ ആസ്ട്രസെനിക്കയുടെ വാക്സിൻ അറിയപ്പെടുന്നത്. ഈ വാക്സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.കെ കോടതിയിൽ ആസ്ട്രസെനിക്കക്കെതിരെ കേസും നിലവിലുണ്ട്. രക്തംകട്ടപിടിച്ച 81ഓളം ആളുകൾ യു.കെയിൽ മരിച്ചിരുന്നു. ഇതിൽ 51 പേരുടെ ബന്ധുക്കളാണ് ആസ്ട്രസെനിക്കക്കെതിരെ കേസ് നൽകിയത്.
കോവിഡ് മഹാമാരി ഇല്ലാതാക്കുന്നതിൽ വക്സസെവ്രിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആസ്ട്രസെനിക്ക അറിയിച്ചു. 6.5 മില്യൺ ജീവനുകളെങ്കിലും വാക്സിൻ മൂലം രക്ഷിക്കാൻ സാധിച്ചു. 3.5 ബില്യൺ ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്നും ആസ്ട്രസെനിക്ക അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.