വാഷിങ്ടൺ: അധികാരത്തിൽ തിരിച്ചെത്തിയാൽ വിവാദമായ യാത്രവിലക്ക് പുനഃസ്ഥാപിക്കുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുസ്‍ലിം രാജ്യങ്ങളിലെ പൗരൻമാരെ ലക്ഷ്യമിട്ടുള്ള യാത്രവിലക്ക് പുനഃസ്ഥാപിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇസ്‍ലാമിക് തീവ്രവാദികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. റിപബ്ലിക്കൻ പാർട്ടി ലാസ്വേഗാസിൽ സംഘടിപ്പിച്ച ജൂതസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പുണ്ടായിരുന്ന യാത്രവിലക്ക് ഓർമയുണ്ടോ?. അധികാരത്തിൽ തിരിച്ചെത്തിയാൽ അത് പുനഃസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.
2017ലാണ് ട്രംപ് വിവാദമായ യാത്രവിലക്ക് കൊണ്ടുവന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ഇറാഖ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതായിരുന്നു യാത്രവിലക്ക്. പിന്നീട് പ്രസിഡന്റായി അധികാരമേറ്റെടുത്ത ജോ ബൈഡൻ വിലക്ക് നീക്കുകയായിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം നാഗരികതയും കാട്ടാളത്വവും, മര്യാദയും അധഃപതനവും, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും യോഗത്തിൽ ട്രംപ് പറഞ്ഞു. പ്രസംഗത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രംപ് ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.