സാന്റിയാഗോ: ചിലിയിൽ കാട്ടുതീയെ തുടർന്ന് 46 പേർ കൊല്ലപ്പെട്ടു. തീ ജനവാസമേഖലകളിലും കനത്ത നാശനഷ്ടമുണ്ടാക്കി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. നൂറുകണക്കിനാളുകളെ കാണാതായി.
ഇതോടെ, രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ വരണ്ട സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് (104 ഡിഗ്രി ഫാരൻഹീറ്റ്) കുതിച്ചുയർന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
തീരദേശ നഗരമായ വിന ഡെൽ മാറിന് ചുറ്റുമുള്ള മലഞ്ചെരിവുകളിൽ ഒറ്റരാത്രികൊണ്ട് നിരവധി വീടുകൾ കത്തിനശിച്ചു. കനത്ത പുകയെ തുടർന്ന് വാൽപാറൈസോ ടൂറിസ്റ്റ് മേഖലയിലെ വിന ഡെൽ മാർ, മധ്യ ചിലിയുടെ തീരപ്രദേശം എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്തു.
രാജ്യത്തെ 92 സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നും രാജ്യത്തുടനീളം 43,000 ഹെക്ടർ (106,000 ഏക്കർ) കത്തിനശിച്ചതായും ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചു. ഇതിനിടെ, വീട് നഷ്ടപ്പെട്ട റൊളാൻഡോ ഫെർണാണ്ടസ് പറയാനുള്ളതിങ്ങനെ: ‘ ഞാൻ 32 വർഷമായി ഇവിടെയുണ്ട്, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.