സഹാറ മരുഭൂമിയിൽ നിന്ന് വീശിയടിച്ച പൊടിക്കാറ്റിനെ തുടർന്ന് ഓറഞ്ച് നിറമായി ആതൻസ് ഉൾപ്പെടെയുള്ള ഗ്രീക്ക് നഗരങ്ങൾ. 2018ന് ശേഷമുള്ള ഏറ്റവും കനത്ത പൊടിക്കാറ്റാണ് ഗ്രീസിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ആകാശം ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിലായി. കാഴ്ചാപരിധി കുറഞ്ഞതിന് പുറമേ ശ്വാസകോശ പ്രശ്നങ്ങൾക്കും പൊടിക്കാറ്റ് കാരണമാവുകയാണ്.
ശക്തമായ തെക്കൻകാറ്റാണ് സഹാറയിലെ പൊടിക്കാറ്റിനെ ആതൻസിന് മുകളിലെത്തിക്കുന്നത്. ഇത് അപൂർവമല്ലെങ്കിലും ഇത്തവണ ശക്തിയേറെയാണ്. ഗ്രീസിൽ പലയിടത്തും കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. പലയിടത്തും തീപ്പിടിത്തവും റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങളുള്ളവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഗ്രീസിലെത്തിയ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാണ് പൊടിക്കാറ്റ് സമ്മാനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി വിഡിയോകൾ പ്രചരിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കൻ വൻകരയിലെ സഹാറ. വർഷാവർഷം 200 മില്യൺ ടൺ പൊടിയാണ് കാറ്റുവഴി സഹാറയിൽ നിന്ന് മറ്റിടങ്ങളിലേക്ക് നിക്ഷേപിക്കപ്പെടുന്നത്. ഇതിലെ ഏറ്റവും കനംകുറഞ്ഞ പൊടിപടലങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് യൂറോപ്പ് വരെയെത്താറുണ്ട്. വ്യാഴാഴ്ചക്ക് ശേഷം ആകാശത്ത് പൊടിക്കാറ്റിന്‍റെ സാന്നിധ്യം കുറഞ്ഞുവരുമെന്ന് ഗ്രീക്ക് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.