മോസ്കോ: കനത്ത പോരാട്ടത്തെത്തുടർന്ന് റഷ്യയിലെ ബെൽഗൊറോദ് മേഖലയിൽനിന്ന് വീടുവിട്ടോടിയവർ ഉടൻ തിരിച്ചുവരരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. യുക്രെയ്നിൽനിന്നുള്ള സായുധരായ അട്ടിമറിസംഘം അതിർത്തി കടന്നെത്തി തിങ്കളാഴ്ച അതിർത്തിയിലെ ഗ്രേവൊറോൻസ്കി ജില്ലയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് റഷ്യ ആരോപിച്ചു. പോരാട്ടം തുടരുന്നതിനിടെ, റഷ്യ തീവ്രവാദബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, റഷ്യയുടെ ആരോപണം യുക്രെയ്ൻ നിഷേധിച്ചു. രണ്ട് അർധസൈനിക സംഘങ്ങളിൽനിന്നുള്ള റഷ്യൻ പൗരന്മാരാണ് കടന്നുകയറ്റത്തിനു പിന്നിലെന്നും യുക്രെയ്ൻ പറഞ്ഞു. ഏറ്റുമുട്ടലിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്തുനിന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ രണ്ടു സിവിലിയന്മാരും ഉൾപ്പെടുന്നുവെന്ന് മേഖലയുടെ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് ചൊവ്വാഴ്ച പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനം രാത്രിയിൽ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഏതാനും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല ഗ്രാമങ്ങളിലെയും ആളുകളെ ഒഴിപ്പിച്ചതായും വീടുവിട്ട് പലായനം ചെയ്തവർ ഉടൻ മടങ്ങിവരരുതെന്ന് മുന്നറിയിപ്പ് നൽകിയതായും ഗ്ലാഡ്കോവ് പറഞ്ഞു. ‘തുടച്ചുനീക്കുക’ എന്ന പേരിലാണ് റഷ്യൻ സൈന്യം ഓപറേഷൻ നടത്തുന്നത്.
15 മാസം മുമ്പ് റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശത്തിനു ശേഷമുണ്ടാകുന്ന അതിർത്തി കടന്നുള്ള ഏറ്റവും വലിയ കടന്നുകയറ്റങ്ങളിലൊന്നാണ് തിങ്കളാഴ്ചയുണ്ടായത്.ലിബർട്ടി ഓഫ് റഷ്യ ലീജിയൻ, റഷ്യൻ വളന്റിയർ കോർപ്സ് (ആർ.വി.സി) എന്നീ ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ് സംഭവത്തിനു പിന്നിലെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.