മ്യാൻമർ സൈനിക തടങ്കലിൽ കഴിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനെ വിട്ടുകിട്ടണമെന്ന് ആസ്ത്രേലിയൻ വിദേശകാര്യ മന്ത്രി

ഒരു വർഷക്കാലമായി മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്‍റെ തടവിൽ കഴിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ സീൻ ടർണലിനെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആസ്ത്രേലിയൻ വിദേശകാര്യ മന്ത്രി. സിവിലിയൻ നേതാവ് ആങ് സാങ് സൂചിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയായിരുന്ന ടർണലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം തടവിലാക്കുന്നത്. മ്യാൻമറിൽ സൈനിക അട്ടിമറി നടന്ന് ദിവസങ്ങൾക്കകമായിരുന്നു അറസ്റ്റ്. ആസ്ത്രേലിയയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു ടർണൽ.

മ്യാൻമറിന്‍റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 14 വർഷം വരെയായിരിക്കും തടവ്. ടർണലിനെതിരെയുള്ള സൈനിക നടപടി അന്യായമാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും ആസ്ത്രേലിയൻ വിദേശകാര്യ മന്ത്രി മരീസ് പയ്ൻ പറഞ്ഞു.

സൈനിക അട്ടിമറിക്ക് ശേഷം സൈന്യത്തിനെതിരെ നടത്തിയ ഏറ്റുമുട്ടലുകളിലും പ്രക്ഷോഭങ്ങളിലും 1500പേർ കൊല്ലപ്പെടുകയും 12,000 പേർ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. സെപ്തംബറിൽ ആസ്ത്രേലിയൻ എംബസിക്ക് കോടതിയിൽ അദ്ദേഹത്തിന്റെ വാദം കേൾക്കാനുള്ള പ്രവേശനം നിഷേധിച്ചിരുന്നു. ഇതോടെ നിരവധി മനുഷ്യാവകാശ സംഘടനകൾ ടർണലിന്‍റെ തടവിൽ ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു.

നീതിയുടെയും സുതാര്യതയുടെയും അടിസ്ഥാന മാനദണ്ഡങ്ങൾക്ക് അനുസൃതമായി ടർണലിന് തന്റെ അഭിഭാഷകരുമായി തടസ്സമില്ലാതെ ആശയവിനിമയം നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്നും ആസ്ത്രേലിയൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ കോടതി നടപടി നിരീക്ഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി പയ്ൻ പറഞ്ഞു.

അട്ടിമറിക്ക് ശേഷം ബി.ബി.സിയുമായി നടന്ന ഫോൺ അഭിമുഖത്തിനിടെയാണ് ടർണലിനെ സൈന്യം തടവിലാക്കുന്നത്. താൻ ഇപ്പോൾ സൈന്യത്തിന്‍റെ തടങ്കലിലാണെന്നും ഒരുപക്ഷേ എന്തെങ്കിലും കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടാകാമെന്നും ആ കുറ്റം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എല്ലാവരും മാന്യമായാണ് തന്നോട് പെരുമാറുന്നത്. എന്നാൽ സ്വാതന്ത്രമായി ചലിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Australia Calls For "Immediate Release" Of Economist Detained In Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.