സുഹൈലിനെ മുത്തച്ഛന് കൈമാറുമ്പോൾ പൊട്ടിക്കരയുന്ന ഹമീദ് ഷാഫി 

നാലു മാസത്തെ കാത്തിരിപ്പ്; ഇനി സൊഹൈൽ മാതാവിന്‍റെ സ്നേഹ വാത്സല്യത്തിൽ

കാബൂൾ വിമാനത്താവളത്തിനു മുന്നിലുള്ള മുള്ളുവേലിക്കു മുകളിലൂടെ സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ യു.എസ് സേനക്ക് എറിഞ്ഞു കൊടുക്കുന്ന വീഡിയോ നമ്മുടെ ഉള്ളുലക്കുന്നതായിരുന്നു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യംവിടാനായി കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയ പരിഭ്രാന്തരായ ജനക്കൂട്ടങ്ങളിലൊരു കുടുംബമാണ് ആ കുഞ്ഞിനെ സൈനികർക്ക് കൈമാറിയത്.

അന്ന് കൈമാറിയ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു രക്ഷിതാക്കൾ. നാലു മാസത്തിനൊടുവിൽ സൊഹൈൽ അഹ്മദി രക്ഷിതാക്കളുടെ വാത്സല്യ തണലിലെത്തി. യു.എസ് സേനക്ക് കൈമാറുമ്പോൾ രണ്ടു മാസം മാത്രം പ്രായമുള്ള സൊഹൈൽ അഹ്മദിയാണ് നാലു മാസങ്ങൾക്ക് ശേഷം ബന്ധുക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തിയത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാൻ പിടിക്കുമെന്ന് ഉറപ്പായതോടെയാണ് രാജ്യത്ത് നിന്ന് വിമാനമാർഗവും അതിർത്തി വഴിയും ജനങ്ങളെ ഒഴിപ്പിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശ്രമം തുടങ്ങിയത്.

ഹമീദ് ഷാഫിക്കും ഭാര്യ ഫരീമ ഷാഫിക്കുമൊപ്പം സൊഹൈൽ

കഴിഞ്ഞ ആഗസ്റ്റ് 19നാണ് യു.എസ് എംബസിയിലെ സുരക്ഷാ ജീവനക്കാരായ മിർസ അലി അഹ്മദിയും ഭാര്യ സുരയ്യയും യു.എസിലേക്ക് പോകാൻ കാബൂൾ വിമാനത്താവളത്തിൽ എത്തിയത്. അന്ന് വിമാനത്താവളത്തിന്‍റെ കവാടത്തിന് മുമ്പിൽ വലിയ തിക്കുംതിരക്കും ഉണ്ടായിരുന്നു. ഇതോടെ അമേരിക്കൻ യുണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരന് കുട്ടിയെ പിന്നീട് വാങ്ങാനായി മിർസ അലി കൈമാറി.

ഈ സമയത്താണ് താലിബാൻ സേന ജനക്കൂട്ടത്തെ വിമാനത്താവള കവാടത്തിൽ നിന്ന് തള്ളിമാറ്റിയത്. ഇതോടെ മിർസ അലിയും ഭാര്യയും നാലു മക്കളും വിമാനത്താവളത്തിനുള്ളിലും കുട്ടി പുറത്തുമായി. എന്നാൽ, സൊഹൈലിനെ കണ്ടെത്താൻ മിർസ അലി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വിമാനമാർഗം അമേരിക്ക മിർസയെയും കുടുംബത്തെയും ടെക്സാസിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ഹമീദ് ഷാഫിയുടെ മക്കൾക്കൊപ്പം കളിക്കുന്ന സൊഹൈൽ 

കഴിഞ്ഞ നവംബറിലാണ് സൊഹൈലിന് കാണാതായ സംഭവം വിവരിച്ചു കൊണ്ട് ചിത്രം സഹിതം റോയിട്ടേഴ്സ് വാർത്ത നൽകിയത്. തുടർന്ന് കാബൂളിലെ 29കാരനായ ടാക്സി ഡ്രൈവർ ഹമീദ് ഷാഫിയുടെ കൈവശം കുട്ടിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഹമീദ് ഷാഫിയുമായി നടത്തിയ ചർച്ചകൾക്കും താലിബാൻ പൊലീസിന്‍റെ ഇടപെടലിനും ശേഷമാണ് കുട്ടിയെ മുത്തച്ഛന് കൈമാറിയത്.

സൊഹൈലിനെ മിർസ അലിക്ക് നഷ്ടപ്പെടുന്ന സമയത്ത് കാബൂൾ വിമാനത്താവളത്തിന് പുറത്ത് ടാക്സി ഡ്രൈവറായ ഹമീദ് ഷാഫിയും ഉണ്ടായിരുന്നു. അഫ്ഗാനിൽ നിന്ന് പോകാൻ തീരുമാനിച്ച സഹോദരനെയും കുടുംബത്തെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ഷാഫി എത്തിയത്. വിമാനത്താവള കവാടത്തിന് പുറത്തെ തിക്കിനുംതിരക്കിനും പിന്നാലെ ഒറ്റപ്പെട്ട് ഗ്രൗണ്ടിലൂടെ കരഞ്ഞ് കൊണ്ട് നടക്കുന്ന സൈഹൈലിനെ ഷാഫിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കുട്ടിയുടെ മാതാപിതാക്കളെ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സൊഹൈലിനെ വീട്ടിലേക്ക് കൊണ്ടു പോകാനും മറ്റ് മൂന്നു പെൺമക്കൾക്കൊപ്പം വളർത്താനും ഷാഫി തീരുമാനിച്ചു.

സുഹൈലിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഹമീദ് ഷാഫി

കുഞ്ഞിനെ സൂക്ഷിക്കാനും അവന്‍റെ കുടുംബത്തെ കണ്ടെത്തിയാൽ അവർക്ക് കൈമാറാനും ഇല്ലെങ്കിൽ വളർത്താനുമായിരുന്നു ഷാഫിയുടെ തീരുമാനം. മരിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മകൻ ജനിക്കണമെന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്നും ഷാഫി പറയുന്നു. കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങളിലെന്ന് ഉറപ്പുവരുത്തി. തുടർന്ന്, 'മുഹമ്മദ് ആബിദ്' എന്ന് പേരിട്ടു. മറ്റ് കുട്ടികൾക്കൊപ്പം നിൽക്കുന്ന സൊഹൈൽ ചിത്രങ്ങൾ ഷാഫി തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

സൈഹൈലിനെ കാണാതായെന്ന റോയിട്ടേഴ്സ് വാർത്ത പുറത്തുവന്നതിന് പിന്നാലെ, മാസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ നിന്ന് കുട്ടിയുമായി ഷാഫി എത്തിയത് അയൽവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ ഇവർ സൈഹൈൽ എവിടെയാണ് റോയിട്ടേഴ്സ് ലേഖനത്തിന്‍റെ അഭിപ്രായം രേഖപ്പെടുത്തുന്ന ഭാഗത്ത് രേഖപ്പെടുത്തി.

വിവരം അറിഞ്ഞ മിർസ അലി, അഫ്ഗാനിലെ വടക്ക് കിഴക്ക് പ്രവിശ്യയായ ബദഖ്ഷാനിലുള്ള ഭാര്യാപിതാവ് മുഹമ്മദ് ഖാസിം റസാവിയോട് കുട്ടിയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. ഷാഫിക്ക് നൽകാനായി ആട്ടിറച്ചിയും വാൾനെട്ടും വസ്ത്രങ്ങളും അടക്കമുള്ള പാരിതോഷികങ്ങളുമായി രണ്ട് പകലും രണ്ട് രാത്രിയും യാത്ര ചെയ്താണ് മുത്തച്ഛൻ സൈഹൈലിന്‍റെ അടുത്തെത്തിയത്.

സൊഹൈലുമായി പിതാവ് മിർസ അലി അഹ്മദിയുടെ ബന്ധുക്കൾ

എന്നാൽ, സൊഹൈലിനെ വിട്ടുതരാൻ ആദ്യം വിസമ്മതിച്ച ഷാഫി, തന്നെയും കുടുംബത്തെയും അഫ്ഗാനിൽ നിന്ന് യു.എസിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് കാലിഫോർണിയയിലുള്ള ഷാഫിയുടെ സഹോദരനും വ്യക്തമാക്കി. ഇതിന് പിന്നാലെ റെഡ്ക്രോസിനെ സമീപിച്ചെങ്കിലും വ്യക്തികളുടെ കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഷാഫിയെ അനുനയിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി മുത്തച്ഛൻ പ്രാദേശിക താലിബാൻ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും ചെലവായ തുക നൽകി കുട്ടിയെ കൈമാറാൻ ധാരണയിലെത്തുകയും ചെയ്തു. കരാർ പ്രകാരം ഒരു ലക്ഷം അഫ്ഗാനി നൽകി മുത്തച്ഛനായ റസാവി കുട്ടിയെ മോചിപ്പിച്ചു.

നിലവിൽ ടെക്സാസിലെ സൈനിക കേന്ദ്രത്തിൽ നിന്ന് മാറി മിഷിഗണിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്. സൊഹൈലിനെ ഉടൻ തന്നെ യു.എസിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Tags:    
News Summary - Baby Suhail safi lost in chaos of Afghanistan airlift found, returned to family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.