വാഷിങ്ടൺ ഡി.സി: യു.എസിൽ നാലുപേരിൽ ബാക്ടീരിയ ബാധയെ തുടർന്നുള്ള ദുരൂഹമായ അസുഖം റിപ്പോർട്ടു ചെയ്യുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യൻ നിർമിത പെർഫ്യൂം ആണെന്ന് ആരോഗ്യ ഏജൻസിയായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി).
യു.എസിലെ ജോർജിയ, കൻസാസ്, ടെക്സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വർഷത്തിനിടെ നാല് പേരിൽ 'ബർകോൾഡേരിയ സ്യൂഡോമല്ലൈ' എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന 'മെലിയോയിഡോസിസ്' എന്ന അസുഖം കണ്ടെത്തിയത്. ഇവരിൽ രണ്ട് പേർ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ നിർമിതമായ 'ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് ലാവെൻഡർ ആൻഡ് ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ്' എന്ന് ലേബൽ ചെയ്ത പെർഫ്യൂമിൽ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സി.ഡി.സി പറയുന്നു.
ജോർജിയയിൽ അസുഖബാധിതനായ വ്യക്തിയുടെ വീട്ടിൽ നിന്ന് ഈ പെർഫ്യൂം കണ്ടെത്തിയിരുന്നു. പെർഫ്യൂമിൽ രോഗിയിൽ കാണപ്പെട്ട അതേ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. മറ്റുള്ളവരിലും ഇതേ ബാക്ടീരിയയാണോ എന്ന സ്ഥിരീകരണത്തിന് കൂടുതൽ ജനിതക പരിശോധന നടത്തുകയാണെന്ന് സി.ഡി.സി പറഞ്ഞു.
ദക്ഷിണേഷ്യയിൽ കൂടുതലായി കാണപ്പെടുന്നതാണ് രോഗികളിൽ സ്ഥിരീകരിച്ച ബാക്ടീരിയ. എന്നാൽ, രോഗികളാരും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നില്ല.
വാൾമാർട്ടിന്‍റെ 55 കടകൾ വഴി ഈ പെർഫ്യൂം വിറ്റിരുന്നു. സി.ഡി.സിയുടെ കണ്ടെത്തലോടെ വാൾമാർട്ട് ഈ പെർഫ്യൂമും ഇതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും പിൻവലിച്ചതായി വെബ്സൈറ്റിലൂടെ അറിയിച്ചു. വിറ്റ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പെർഫ്യൂം വീടുകളിൽ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും കുപ്പി രണ്ട് കവറുകളിൽ മൂടി കാർഡ്ബോഡ് പെട്ടിക്കുള്ളിലാക്കി തിരികെ നൽകണമെന്നും സി.ഡി.സി മുന്നറിയിപ്പ് നൽകി.
ജോർജിയയിലെ രോഗിയാണ് ഈ ഉൽപ്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. മറ്റിടങ്ങളിലെ രോഗികളും ഇത് ഉപയോഗിച്ചിരുന്നോവെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏജൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.