ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് തകർന്ന ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലം

വമ്പൻ പാലം കപ്പലിടിച്ച് നിമിഷങ്ങൾക്കകം തകർന്നു, വാഹനങ്ങൾ ഒന്നൊന്നായി പുഴയിൽ പതിച്ചു; മരിച്ചവരുടെ എണ്ണം ആറായി -VIDEO

ബാൾട്ടിമോർ: 2.6 കിലോമീറ്റർ നീളമുള്ള വമ്പൻ പാലം. കൺചിമ്മി തുറക്കുന്ന നേരം കൊണ്ട് ഇതിന്റെ 800 മീറ്ററോളം ഭാഗം തകർന്ന് തവിടുപൊടിയായി നദിയിൽ പതിച്ചു. അമേരിക്കയിലെ മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലമാണ് ഇന്നലെ ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിടിച്ച് തകർന്നത്.

പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക് പതിച്ചു. നിരവധി പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചുവെങ്കിലും ആറുപേർ മരണത്തിന് കീഴടങ്ങി.  ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.30നുണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾ പുഴയിൽ വീണു. കൂടുതൽ പേർ വെള്ളത്തിനടിയിലുള്ളതായും സംശയമുയരുന്നുണ്ട്.

അപകടത്തെ തുടർന്ന് ബാൾട്ടിമോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പറ്റാപ്സ്കോ പുഴക്ക് കുറുകെ 56 മീറ്റർ ഉയരത്തിൽ നിർമിച്ച ഇരുമ്പ് പാലത്തിലാണ് സിംഗപ്പൂർ പതാകയുള്ള ദാലി എന്ന ചരക്കുകപ്പൽ ഇടിച്ചത്. പുലർച്ചയായതിനാൽ പാലത്തിൽ വാഹനങ്ങൾ കുറവായിരുന്നത് വൻദുരന്തം ഒഴിവാക്കി.

മെഴ്സ്ക് കമ്പനിയിൽ നിന്ന് സിനർജി മറൈൻ ഗ്രൂപ് ചാർട്ടർ ചെയ്ത കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇവർക്ക് പരിക്കില്ല. പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൊഴിലാളികളും വെള്ളത്തിൽ വീണു. കൊടുംതണുപ്പായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമാണ്. വലിയ ക്രെയിനടക്കം പാലം തകർന്ന് പുഴയിലേക്ക് പതിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിന് ആക്രമണസ്വഭാവമില്ലെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) പ്രാഥമിക വിലയിരുത്തൽ. ബാൾട്ടിമോറിലെ സീഗ്രിറ്റ് മറൈൻ ടെർമിനലിൽനിന്ന് ചൊവ്വാഴ്ച അർധരാത്രിക്കുശേഷം 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനുശേഷം ഗതിമാറി വേഗം കുറഞ്ഞു. തുടർന്ന് കപ്പലിലെ പുറംഭാഗത്തെ വെളിച്ചം പൂർണമായി അണഞ്ഞു. പുക ഉയരുകയും ചെയ്തു.

പിന്നീടാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലിടിച്ചത്. എൻജിൻ തകരാർ, ജനറേറ്റർ നിലച്ചുപോകൽ, സ്റ്റിയറിങ് തകരാർ, മാനുഷികമായ പിഴവുകൾ തുടങ്ങി പല കാരണങ്ങളാലും അപകടമുണ്ടാകാനിടയുണ്ടെന്ന് കപ്പലുകളുമായി ബന്ധപ്പെട്ട വിദഗ്ധർ മാധ്യമങ്ങളോട് പറഞ്ഞു. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള ഭീമൻ കപ്പലാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിനുപിന്നാലെ ഇതുവഴിയുള്ള ജലഗതാഗതം നിരോധിച്ചു. തിരക്കേറിയ ബാൾട്ടിമോർ തുറമുഖത്തിന്റെ കവാടമാണ് തകർന്ന പാലം. 1972ൽ നിർമാണം തുടങ്ങിയ പാലം 77ലാണ് ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - Baltimore bridge collapses after powerless cargo ship rams into support column; 6 presumed dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.