ബംഗളൂരു: ഇന്ത്യയോട് ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസമന്ത്രി ദിപു മോനി. ഇന്ത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ 'ഇന്ത്യ@2047' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മോനി. ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, മതപരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവ നിഷ്പക്ഷമായി നടപ്പിലാക്കുന്നതിലൂടെ സാമുദായിക സൗഹാർദം ശക്തിപ്പെടുത്താനും വിഭാഗീയത മൂലമുണ്ടാവുന്ന അക്രമം ഒഴിവാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ബഹുമാനിക്കപ്പെടുന്ന ലോക ശക്തികളിൽ ഒന്നായി മാറണമെങ്കിൽ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്ഥാപക പിതാമഹൻമാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടതുണ്ട്.
മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നതിലൂടെ ഇന്ത്യയിലെ പൗരൻമാരുടെ, പ്രത്യേകിച്ചും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി സമൂഹത്തിലെ സ്ത്രീകൾ അടക്കമുള്ളവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമൊരുങ്ങുമെന്നും മോനി പറഞ്ഞു. കൂടാതെ വിവിധ മേഖലകളിൽ ഇന്ത്യ-ബംഗ്ലാദേശ് സഹകരണം ശക്തമാകണമെന്നും അതിന് പരസ്പര സഹകരണവും ഐക്യവും പ്രധാനമാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.