വാഷിങ്ടൺ: സിറിയയിൽ അധികാരം പിടിച്ച വിമതഗ്രൂപ്പുമായി യു.എസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഹയാത് താഹിർ അൽ-ഷാമുമായും മറ്റുള്ളവരുമായും ബന്ധപ്പെടുന്നുണ്ട്. സിറിയയിൽ 2012 മുതൽ കാണാതായ യു.എസ് മാധ്യമപ്രവർത്തകൻ ആസ്റ്റിൻ ടൈസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിൽ നിന്നും റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ആന്റണി ബ്ലിങ്കൺ തയാറായില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. ഇക്കാര്യത്തിൽ യു.എസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികരിക്കാൻ സാധിക്കുവെന്നും ആന്റണി ബ്ലിങ്കൺ പറഞ്ഞു.
നേരത്തെ സിറിയയിൽ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാൻ മേഖലയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിറിയയിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്തില്ലെങ്കിൽ മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് ബ്ലിങ്കന്റെ നയതന്ത്ര നീക്കങ്ങൾ.
സിറിയയുടെ ഭാവി സംബന്ധിച്ച് തുർക്കിയയും യു.എസും തമ്മിൽ വ്യക്തമായ ധാരണയുണ്ടെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ ബ്ലിങ്കൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.