ബുക്കാറസ്റ്റ്: മഞ്ഞിൽ തെന്നിനീങ്ങുന്ന ആ സ്കീയറുടെ നേർക്ക് പാഞ്ഞുവരുന്ന ശത്രുവിനെ മുകളിലെ റോപ്വേയിലൂടെ ഒഴുകിനീങ്ങുന്ന സഞ്ചാരികളാണ് ആദ്യം കണ്ടത്. റുമാനിയയിലെ പ്രശസ്ത മൗണ്ടൻ ടൂറിസ്റ്റ് കേന്ദ്രമായ പ്രീഡീലിലെ മഞ്ഞപുതച്ച താഴ്വരയിലൂടെ സ്കീയിങ് നടത്തുന്ന സഞ്ചാരിക്കുനേരെ ഒരു കരടി പാഞ്ഞടുക്കുകയായിരുന്നു. മഞ്ഞിൽ തെന്നിനീങ്ങുന്ന അയാളെ ലക്ഷ്യമിട്ട് കരടി പാഞ്ഞുവരുേമ്പാൾ മുകളിലെ റോപ്വേയിൽ സവാരി നടത്തുന്ന സന്ദർശകർ ഒച്ചവെച്ച് അപായ സൂചന നൽകുകയായിരുന്നു.
കരടി പാഞ്ഞുവരുന്നതും സഞ്ചാരികൾ മുന്നറിയിപ്പ് നൽകുന്നതുമടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 'വേഗം..വേഗം..ഒരു കരടി നിങ്ങളുടെ പിന്നാലെ പാഞ്ഞുവരുന്നുണ്ട്. വേഗം..ഒന്നും സംഭവിക്കാതിരിക്കട്ടെ...തിരിഞ്ഞുനോക്കരുത്'- മുകളിലെ റോപ്വേയിൽനിന്ന് ആളുകൾ വിളിച്ചുപറയുന്നതും കേൾക്കാം.
ട്വിറ്ററും യൂട്യൂബും ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആയിരക്കണക്കിനാളുകളാണ് മണിക്കൂറുകൾക്കകം ഈ ദൃശ്യങ്ങൾ കണ്ടത്. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണിതെന്ന് പലരും കുറിച്ചപ്പോൾ സമചിത്തത നഷ്ടപ്പെടാത്ത ആ സ്കീയറെ നിരവധി പേർ അഭിനന്ദിച്ചു.
തന്നെ ലക്ഷ്യമിട്ടെത്തിയ ബ്രൗൺ കരടിയിൽനിന്ന് പരിക്കൊന്നുമേൽക്കാതെ ആ സ്കീയർ രക്ഷപ്പെട്ടതായി 'റുമേനിയ ഇൻസൈഡർ' റിപ്പോർട്ട് ചെയ്തു. മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് അയാൾ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. തന്‍റെ ബാഗ് വലിച്ചെറിഞ്ഞ് കരടിയുടെ ശ്രദ്ധ തെറ്റിച്ച് രക്ഷെപ്പടുകയായിരുന്നു സഞ്ചാരിയെന്ന് പൊലീസുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.