വാഷിങ്ടൺ: അനിശ്ചിതത്വങ്ങളും ട്വിസ്റ്റുകളും കൊണ്ട് സംഭവബഹുലമായ യു.എസ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നുണ്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രസിഡൻറ് പദത്തിലേക്ക് എത്താൻ വേണ്ട 270 എന്ന സംഖ്യ നേടാൻ അദ്ദേഹത്തിനായിട്ടില്ല. പല സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നീണ്ടു പോകുന്നതാണ് ബൈഡൻെറ പ്രസിഡൻറ് പദവിയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ബൈഡൻ 264 ഇലക്ടറൽ വോട്ടുകളും ഡോണൾഡ് ട്രംപ് 214 ഇലക്ടറൽ വോട്ടുകളും നേടിയിട്ടുണ്ട്.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് യു.എസിൽ ഇനിയും പ്രധാനമായും അറിയാനുള്ളത്. പെൻസിൽവേനിയ, അരിസോണ, നെവാഡ, ജോർജിയഎന്നിവടങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിലെ മുന്നേറ്റം ബൈഡന് പ്രസിഡൻറ് പദത്തിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുന്ന സംസ്ഥാനങ്ങൾ
പെൻസൽവേനിയ
പെൻസിൽവേനിയയിൽ 14,923 വോട്ടുകളുടെ ലീഡാണ് ബൈഡനുള്ളത്. 100,000 വോട്ടുകൾ പെൻസിൽവേനിയയിൽ ഇനിയും എണ്ണാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. പെൻസിൽവേനിയയിലെ വോട്ടെണ്ണൽ പതുക്കെയാണ് മുന്നേറുന്നത്.
അരിസോണ
അരിസോണയിൽ ജോ ബൈഡൻെറ ലീഡ് കുറയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ 39,070 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. പക്ഷേ ഇവിടെയും ബൈഡനെ മറികടക്കാനുള്ള ലീഡ് ട്രംപ് നേടാനുള്ള സാധ്യതകൾ വിരളമാണ്. 200,000 വോട്ടുകൾ ഇവിടെ എണ്ണിതീർക്കാനുണ്ട്
നെവാഡ
നെവാഡയിൽ ബൈഡൻ 2,000 വോട്ടുകൾ കൂടി നേടിയതോടെ ലീഡ് 22,657 ആക്കി ഉയർത്തി. നെവാഡയിൽ ഇനി ട്രംപിന് തിരിച്ച് വരാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇനി എണ്ണാനുള്ള വോട്ടുകൾ ബൈഡന് അനുകൂലമാവുമെന്നാണ് രാഷ്ട്രീയവിദഗ്ധരും പറയുന്നത്.
ജോർജിയ
നിർണായക സംസ്ഥാനമായ ജോർജിയയിൽ ബൈഡൻെറ ലീഡ് 4,175 വോട്ടുകളുടേതാണ്. ജോർജിയയിൽ വീണ്ടും വോട്ടെണ്ണുമെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.