തെൽഅവീവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടരവെ, ഇസ്രായേലിന് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ സന്ദർശിച്ചാണ് ബൈഡൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിച്ച് ഇസ്രായേൽ ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ബൈഡൻ ഇസ്രായേലിന്റെ പക്ഷംചേർന്നാണ് സംസാരിച്ചത്. 'ആക്രമണത്തിന് പിന്നിൽ നിങ്ങളല്ല, അവരായിരിക്കും എന്നാണ് തോന്നുന്നത്'-ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് പറഞ്ഞത് ഇതായിരുന്നു. ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും ഏറെ രോഷംകൊള്ളിച്ചുവെന്നുമായിരുന്നു ബൈഡൻ പ്രതികരിച്ചത്.
ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്നും നെതന്യാഹുവിനെ ഉപദേശിച്ചു. ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ അറബ് നേതാക്കൾ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. സംഭാഷണത്തിനിടെ, ഹമാസിനെ ഐ.എസ് ഭീകരരോടാണ് നെതന്യാഹു ഉപമിച്ചത്. ബൈഡനാണ് യഥാർഥ സുഹൃത്ത് എന്നും യുദ്ധഘട്ടത്തിൽ ഇസ്രായേൽ സന്ദർശിക്കാൻ കാണിച്ച മനസ് അദ്ദേഹത്തിന്റെ അഗാധ സ്നേഹമാണ് കാണിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ സൈന്യമല്ലെന്നായിരുന്നു നെതന്യാഹു വാദിച്ചത്. ഗസ്സയിലെ തീവ്രവാദികൾ തന്നെയാണ് അതിന് പിന്നിലെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നുമായിരുന്നു നെതന്യാഹു എക്സിൽ കുറിച്ചത്. യുദ്ധമുഖത്ത് ഇസ്രായേലിന് എല്ലാ പിന്തുണയും ബൈഡൻ ആവർത്തിച്ചു. അതിനിടെ തകർന്ന അൽ അഹ്‍ലി ആശുപത്രി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരുടെ ശരീരഭാഗങ്ങൾ പരതിക്കൊണ്ടിരിക്കുകയാണ് ഉറ്റവരെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.