ബെൽഫാസ്റ്റ്: ആയിരക്കണക്കിനാളുകളുടെ കുരുതിക്കിടയാക്കിയ സായുധ കലാപത്തിന് അറുതിവരുത്തിയ ‘ഗുഡ് ഫ്രൈഡേ’ കരാറിന്റെ 25ാം വാർഷികം ആചരിച്ച് വടക്കൻ അയർലൻഡ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയത്. ദശാബ്ദങ്ങൾ നീണ്ട രക്തരൂഷിത കലാപം അവസാനിപ്പിച്ച 1998ലെ കരാറിന്റെ പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയോടെയാണ് ബൈഡന്റെ വടക്കൻ അയർലൻഡ് പര്യടനത്തിന് തുടക്കമായത്. വടക്കൻ അയർലൻഡിലെ അഞ്ച് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വടക്കൻ അയർലൻഡിലെ സമാധാനം മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനമെന്ന് ബൈഡൻ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
ബൈഡന്റെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വടക്കൻ അയർലൻഡിൽ അധികാരം പങ്കിട്ട സർക്കാർ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഈ സാഹചര്യത്തിൽ ബൈഡൻ നടത്തുന്ന സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. ബ്രെക്സിറ്റിനുശേഷം വടക്കൻ അയർലൻഡിനുവേണ്ടി രൂപപ്പെടുത്തിയ വ്യാപാര ചട്ടങ്ങളിൽ പ്രതിഷേധിച്ച് സർക്കാറിലെ കക്ഷികളിലൊന്നായ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി പുറത്തുപോവുകയായിരുന്നു. അയർലൻഡിലെ തന്റെ ബന്ധുക്കളുമായും നാലു ദിവസത്തെ സന്ദർശനത്തിനിടെ ബൈഡൻ കൂടിക്കാഴ്ച നടത്തും. ബൈഡന്റെ പൂർവികർ അയർലൻഡിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.