വാഷിങ്ടൺ ഡി.സി: ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടെന്ന ജോ ബൈഡന്‍റെ പ്രസ്താവനക്ക് തിരുത്തുമായി വൈറ്റ് ഹൗസ്. അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.
ഇന്നലെ ജൂത നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കുട്ടികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടതായി ബൈഡൻ പറഞ്ഞത്. 'ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു, തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല' എന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. ഇത് വ്യാപകമായി പ്രചരിക്കുകയും പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, അത്തരം ദൃശ്യങ്ങൾ ബൈഡൻ നേരിട്ട് കണ്ടിട്ടില്ലെന്ന് പിന്നീട് വൈറ്റ് ഹൗസ് വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ നിന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരാമർശിച്ചാണ് ബൈഡന്‍റെ പ്രസ്താവനയെന്നായിരുന്നു വൈറ്റ് ഹൗസ് വിശദീകരണം.
ഹമാസ് ആക്രമണം നടത്തിയ ഇസ്രായേൽ നഗരത്തിൽ തലയറുത്ത കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, കുട്ടികളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഹമാസ് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.