വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിൻെറ പിതാവും അഭിഭാഷകനുമായ വില്യം എച്ച്. ഗേറ്റ്സ് രണ്ടാമൻ (ബിൽ ഗേറ്റ്സ് സീനിയർ) അന്തരിച്ചു. 94 വയസായിരുന്നു. തിങ്കളാഴ്ച സിയാറ്റിലിലെ ഹൂഡ് കനാലിലുള്ള വീട്ടിലായിരുന്നു അന്ത്യം.
അൽഷിമേഴ്സ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
'എൻെറ പിതാവായിരുന്നു യഥാർഥ ബിൽ ഗേറ്റ്സ്. ഞാൻ എന്താവണമെന്ന് ശ്രമിച്ചോ അതായിരുന്നു അദ്ദേഹം. ഓരോ ദിവസവും എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യും'- ബിൽ ഗേറ്റ്സ് ട്വീറ്റ് ചെയ്തു. അച്ഛൻെറ ജ്ഞാനം, ഔദാര്യം, സമാനുഭാവം, വിനയം എന്നിവ ലോകമെമ്പാടുമുള്ള ആളുകളെ വളരെയധികം സ്വാധീനിച്ചതായി ബിൽ ഗേറ്റ്സ് പറഞ്ഞു.
1925 നവംബർ 30ന് വാഷിങ്ടണിലായിരുന്നു ബിൽ ഗേറ്റ്സ് സീനിയറിൻെറ ജനനം. ബിൽ ഗേറ്റ്സിൻെറ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് പിതാവാണെന്ന് ബിൽ ഗേറ്റ്സ് ജൂനിയർ ഓർത്തു. 1994ലാണ് ബിൽ ഗേറ്റ്സ് സീനിയറും മകനും മരുമകൾ മെലിൻഡയും സംയുക്തമായാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
'പിതാവില്ലാതെ ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ ഇന്നത്തെ നിലയിൽ എത്തില്ലായിരുന്നു. മറ്റൊരെക്കാളും ഉപരി അദ്ദേഹമാണ് ഫൗണ്ടേഷൻെറ മൂല്യങ്ങൾ രൂപപ്പെടുത്തി എടുത്തത്. അന്തസ്സുള്ള വ്യക്തിയായിരുന്ന അദ്ദേഹം കപടമായ കാര്യങ്ങൾ എന്നും വെറുത്തിരുന്നു'- ബിൽ ഗേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ക്രിസ്റ്റ്യൻ ബ്ലേക്ക്, എലിസബത്ത് മക്ഫീ എന്നിവരാണ് മക്കൾ. എട്ട് പേരക്കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.