വ്യക്തിഗത ഉപയോഗത്തിന് കഞ്ചാവ് കൈവശംവെക്കാമെന്ന് ബ്രസീൽ

റിയോ ഡി ജനീറോ: വ്യക്തലഗത ഉപയോഗത്തിന് കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി മാറ്റി ബ്രസീൽ സുപ്രീംകോടതി. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നു. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്. 2015 മുതൽ ഇതിനുള്ള ചർച്ചകൾ ബ്രസീലിൽ നടന്നു വരികയായിരുന്നു.

എത്രത്തോളം കഞ്ചാവ് കൈവശവെക്കാമെന്നതിൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഞ്ചാവ് വിൽക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരുമെന്നും സുപ്രീംകോതി അറിയിച്ചു.

2006ൽ ബ്രസീൽ കോൺഗ്രസിൽ ചെറിയ അളവിൽ ലഹരി കൈവശം വെക്കുന്നവർക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾക്ക് കടക്കുന്നതിനായി നിയമം പാസാക്കിയിരുന്നു. നിയമം നിലവിൽ വന്നതിന് പിന്നാലെ ലഹരി കൈവശം വെച്ചതിന് നിരവധി പേരെ ബ്രസീൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മെഡിക്കൽ ട്രീറ്റ്മെന്റിനായി കഞ്ചാവ് വളർത്താൻ രോഗികൾക്ക് ബ്രസീൽ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും പുറത്ത് വന്നിരിക്കുന്നത്. ചെറിയ അളവിൽ കഞ്ചാവ് കൈവശം വെക്കുന്നത് മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെല്ലാം കുറ്റകരമല്ലാതാക്കിയപ്പോഴും ബ്രസീലിൽ അത് നിയമവിരുദ്ധമായി തന്നെ തുടർന്നിരുന്നു.

Tags:    
News Summary - Brazil’s Supreme Court votes to decriminalize the possession of marijuana for personal use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.