ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമൻ അബ്രമോവിചിന്‍റെ യു.കെയിലെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന് ലേബര്‍ പാർട്ടി എം.പി പാർലമെന്‍റിനോട് ആവശ്യപ്പെട്ടു. അബ്രമോവിചിന്റെ റഷ്യൻ ഭരണകൂടവുമായുള്ള ബന്ധവും അഴിമതിയും വെളിപ്പെടുത്തുന്ന രേഖകള്‍ ആഭ്യന്തര വകുപ്പ് 2019 ൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഫുട്ബാൾ ക്ലബ് ഉടമസ്ഥാവകാശം തടയണമെന്നുമാണ് ക്രിസ് ബ്രയന്റിന്‍റെ ആവശ്യം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് അബ്രമോവിചിനെതിരെ ബ്രയന്റ് രംഗത്തെത്തിയത്.
2018ൽ യു.കെ വിസ നീട്ടാനുള്ള അപേക്ഷക്ക് കാലതാമസം നേരിടുകയും, തുടർന്ന് അബ്രമോവിച് അപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. ഇസ്രായേലി പൗരനെന്ന നിലയിലാണ് ലണ്ടനിലേക്ക് യാത്ര ചെയ്തതെന്നും അതിനാൽ വിസയില്ലാതെ യു.കെയിൽ പ്രവേശിക്കാമെന്നും ഇബ്രാമോവിചിന്‍റെ വക്താവ് അറിയിച്ചിരുന്നു. 2018ലായിരുന്നു ഇസ്രയേൽ അബ്രമോവിചിന് പൗരത്വം നൽകിയത്. ഇസ്രയേൽ കുടിയേറ്റ നിർമാണ സംഘടനക്ക് 74 മില്യൺ പൗണ്ട് (100 മില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകിയത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
സമ്പന്നരായ ആളുകൾക്ക് യു.കെയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന ടയർ 1 വിസ അബ്രമോവിച്ചിന് ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ അബ്രമോവിച് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്തയാളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുടിനുമായി അടുത്ത ബന്ധമുള്ള മൂന്ന് ശതകോടീശ്വരന്മാർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യു.കെ സർക്കാർ പ്രഖ്യാപനം അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ്.
2003ൽ തന്റെ 36ാം വയസിലാണ് അബ്രമോവിച് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബായ ചെൽസി സ്വന്തമാക്കിയത്. 116 വർഷത്തെ ചരിത്രത്തിൽ അന്ന് വരെ ഒരുതവണ മാത്രമായിരുന്നു ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയത്. മൂന്ന് എഫ്.എ കപ്പ് സ്വന്തമാക്കിയപ്പോൾ ലീഗ് കപ്പിൽ രണ്ടുതവണ ജേതാക്കളായി. പിന്നീട് അബ്രമോവിചിന്‍റെ പണക്കൊഴുപ്പിന്‍റെ പവറിൽ കിരീടങ്ങൾ വാരിക്കൂട്ടുന്ന ചെൽസിയെയാണ് ഇംഗ്ലീഷ് ഫുട്ബാൾ ലോകം കണ്ടത്. പിന്നീട് 18 വർഷത്തിനിടയ്ക്ക് അഞ്ച് തവണ ചെൽസി പ്രീമിയർ ലീഗ് ജേതാക്കളായി. രണ്ടുതവണ വീതം യുവേഫ ചാമ്പ്യൻസ് ലീഗിലും യുവേഫ കപ്പിലും ജേതാക്കളായി. അഞ്ച് തവണ തന്നെ എഫ്.എ കപ്പും മൂന്നുതവണ ലീഗ് കപ്പും ഉയർത്തി.
റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയായി അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തി. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.