മരിയുപോളിൽ ഷെല്ലാക്രമണത്തിൽ തകർന്ന പ്രസവ ആശുപത്രിക്ക് പുറത്ത് നിൽക്കുന്ന യുവതി

ബുച്ച കൂട്ടക്കുരുതി: സ്വതന്ത്ര അന്വേഷണത്തിന് ആവശ്യം

കിയവ്: റഷ്യൻ സൈന്യം പിൻവാങ്ങിയശേഷം തലസ്ഥാനമായ കിയവിനടുത്ത ബുച്ചയിലെ തെരുവുകളിൽ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് യുക്രെയ്ൻ അന്വേഷണം ആരംഭിച്ചു. അതേസമയം, കൊലപാതകങ്ങളെ അപലപിച്ച ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. കിയവ് പ്രദേശത്തെ പട്ടണങ്ങളിൽനിന്ന് 410 സിവിലിയന്മാരുടെ മൃതദേഹങ്ങൾ നീക്കംചെയ്തതായി യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. 50ഓളം പേർ റഷ്യൻ സൈനികരുടെ നിയമവിരുദ്ധ കൊലപാതകങ്ങൾക്ക് ഇരയായതായി യുക്രെയ്ൻ പറയുന്നു. മോട്ടിജിൻ ഗ്രാമത്തിലെ മേയർ റഷ്യൻ സേനയുടെ പിടിയിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക് അറിയിച്ചു. രാജ്യത്തെ 11 മേയർമാരും കമ്യൂണിറ്റി തലവന്മാരും റഷ്യൻ പിടിയിലുണ്ടെന്ന് വെരേഷ്ചുക് വ്യക്തമാക്കി. റഷ്യൻ നടപടികൾ ചർച്ച കൂടുതൽ ദുഷ്കരമാക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. മോസ്‌കോ സൈന്യം നടത്തിയ അതിക്രമങ്ങൾ കാരണം റഷ്യയുമായി ചർച്ച നടത്തുന്നത് യുക്രെയ്‌നിന് ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇത് യുദ്ധക്കുറ്റങ്ങളാണെന്നും വംശഹത്യയായി ലോകം അംഗീകരിക്കുമെന്നും ബുച്ച സന്ദർശനവേളയിൽ അദ്ദേഹം പറഞ്ഞു. 'നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ യുക്രെയ്നെ പിന്തുണക്കണമെന്ന് ഗ്രാമി അവാർഡ് പ്രഖ്യാപനച്ചടങ്ങിൽ വിഡിയോ സന്ദേശത്തിൽ സെലൻസ്‌കി അഭ്യർഥിച്ചു.

റഷ്യക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് അന്താരാഷ്ട്ര സമൂഹം രംഗത്തെത്തി. ബുച്ചയിൽ റഷ്യ നടത്തിയ കൊലപാതകങ്ങൾ യുദ്ധക്കുറ്റങ്ങളാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വ്ലാദിമിർ പുടിനെതിരെ യുദ്ധക്കുറ്റ വിചാരണ നടത്തണമെന്നും റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

റഷ്യൻ സൈന്യം യുദ്ധക്കുറ്റം ചെയ്തതായി വ്യക്തമായ സൂചനകളുണ്ടെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു. റഷ്യയുടെ എണ്ണ, കൽക്കരി കയറ്റുമതി ലക്ഷ്യമാക്കി കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യൻ വാതക ഇറക്കുമതി അവസാനിപ്പിക്കുന്നത് യൂറോപ്യൻ യൂനിയൻ ചർച്ചചെയ്യണമെന്ന് ജർമൻ പ്രതിരോധ മന്ത്രി ക്രിസ്റ്റീൻ ലാംബ്രെഷ്റ്റ് പറഞ്ഞു. റഷ്യയുടേത് 'നിന്ദ്യമായ ആക്രമണ'മാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോപിച്ചു.

മനുഷ്യാവകാശ കൗൺസിലിലെ പങ്കാളിത്തം പ്രഹസനമാണെന്നും റഷ്യയെ സസ്പെൻഡ് ചെയ്യാൻ യു.എൻ ജനറൽ അസംബ്ലിയോട് അമേരിക്ക ആവശ്യപ്പെടുമെന്നും വാഷിങ്ടൺ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. സിവിലിയന്മാർക്കെതിരായ അക്രമങ്ങളെ അപലപിക്കുന്നതായി ജപ്പാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ, എല്ലാ ആരോപണങ്ങളും തള്ളിയ റഷ്യ വ്യാജ വിഡിയോയാണെന്ന് തിരിച്ചറിയാൻ അടയാളങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം സിവിലിയന്മാർക്കെതിരെ അതിക്രമം നടത്തിയതായ ആരോപണങ്ങൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് തള്ളി. യുക്രെയ്ൻ ആരോപണങ്ങൾ ആഗോള സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് യു.എൻ അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത്‌സുമായുള്ള ചർച്ചയിൽ ലാവ്‌റോവ് പറഞ്ഞു.

41 ലക്ഷം പേരിലധികം യുക്രെയ്ൻ വിട്ടതായാണ് കണക്ക്. സൈന്യം ചെർണിവ് മേഖലയിലെ ചില പട്ടണങ്ങൾ തിരിച്ചുപിടിച്ചതായും മാനുഷിക സഹായം എത്തിക്കുന്നുണ്ടെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. കിയവിനു വടക്ക് 80 മൈൽ അകലെയുള്ള ചെർണിവിന്റെ ഭൂരിഭാഗവും റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്നതായി മേയർ അറിയിച്ചു. യുക്രെയ്നിന്റെ മറ്റിടങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. തെക്ക് കെഴ്സൺ, ഒഡേസ നഗരങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയും സ്ഫോടനങ്ങൾ നടന്നു. ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി റീജനൽ പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Bucha killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.